ഒരുക്കങ്ങള്‍ സജ്ജമായതായി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം
ജിദ്ദ: ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഊദി ഹ്ജജ്-ഉംറ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ഹജ്ജ് മന്ത്രാലയം നിര്‍ദേശം നല്‍കി. ഈ വര്‍ഷത്തെ ഹജ്ജിന് 20 ലക്ഷത്തോളം തീര്‍ഥാടകരെത്തും. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇതിനായുള്ള വിവിധ കരാറുകളും ഒപ്പിട്ടു കഴിഞ്ഞു. ഹജ്ജിന് മുന്നോടിയായി വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് വിസ അനുവദിക്കുന്നത് കഴിഞ്ഞയാഴ്ചയോടെ നിര്‍ത്തലാക്കി. അതിനിടെ ഖത്തറിലെ ഹജ്ജ് മന്ത്രാലയം സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് സഊദി ഹജ്ജ് - ഉംറ മന്ത്രാലയം. ഈ സാഹചര്യത്തില്‍ ഖത്തറിലെ തീര്‍ഥാടകര്‍ക്കായി മന്ത്രാലയ വെബ്‌സൈറ്റില്‍ പ്രത്യേക ലിങ്ക് ഏര്‍പ്പെടുത്തും. ദുല്‍ഖഅദ് ഒന്നുമുതല്‍ ഈ സേവനം ലഭ്യമാക്കും. ഇതുവഴി ഖത്തര്‍ പൗരന്മാര്‍ക്ക് മക്ക, മദീന നഗരങ്ങളിലെ താമസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം
ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ വിമാനത്താവളം വഴിയാണ് ഖത്തര്‍ ഹജ്ജ് തീര്‍ഥാടകര്‍ രാജ്യത്ത് പ്രവേശിക്കേണ്ടത്. ഖത്തര്‍ എയര്‍വേയ്‌സ് ഒഴികെ എല്ലാ വിമാന സര്‍വിസുകളും ഇവര്‍ക്ക് ഉപയോഗപ്പെടുത്താം.
ഹജ്ജ് സേവനത്തിനായി 235 സര്‍വിസ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്കുള്ള സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗതാഗത സൗകര്യം, താമസം തുടങ്ങിയവ മെച്ചപ്പെടുത്തണം. തീര്‍ഥാടകരുടെ താമസ സ്ഥലത്തെ കുറിച്ച് വിവരം നല്‍കാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്.
ഹജ്ജ് സേവനങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കണ്‍ട്രോള്‍ സെന്റര്‍ തുറന്നതായും മന്ത്രാലയം അറിയിച്ചു. പത്തു ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് താമസിക്കാവുന്ന ഹോട്ടലുകള്‍ മക്കയില്‍ സജ്ജമാണ്. 134 ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ ആണ് ഹാജിമാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുക. ദിനംപ്രതി 3,34,000 പേര്‍ക്ക് യാത്ര ചെയ്യാനുള്ള ബസുകള്‍ ഹജ്ജ് വേളയില്‍ സജ്ജമാക്കും.
അതിനിടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ലോകത്തെ മുഴുവന്‍ തീര്‍ഥാടകരേയും മന്ത്രാലയം രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."