HOME
DETAILS
MAL
ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുത്: മന്ത്രി ശൈലജ
backup
June 15 2020 | 03:06 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രോഗവ്യാപനം തടയാന്‍ ഏറെ സഹായിച്ചിരുന്നു. എങ്കിലും ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാന്‍ കഴിയില്ല. അതു വലിയ കഷ്ടപ്പാടിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. ഇക്കാരണത്താല്‍ കൊവിഡിനോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തുള്ളത്. ഇതു മുന്നില്‍ കണ്ടാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തിയത്. അല്ലാതെ കൊറോണ വൈറസ് അവസാനിച്ചു എന്നാരും കരുതരുത്. ഇപ്പോഴും പൊസിറ്റീവ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
പൊതുഗതാഗതവും സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും ആരാധനാലയങ്ങളും തുറന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് വിലക്കില്ലെങ്കിലും മാതൃകയാകേണ്ട രാഷ്ട്രീയപ്രവര്‍ത്തകരും കൊവിഡ് പ്രതിരോധ നിബന്ധനകള്‍ കൃത്യമായി പാലിക്കണം.
രാഷ്ട്രീയ പരിപാടികളിലോ മത ചടങ്ങുകളിലോ ആഘോഷങ്ങളിലോ കൂട്ടമായി പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും കൊവിഡ് ബാധയുണ്ടെങ്കില്‍ അവരില്‍ നിന്ന് വൈറസ് സമൂഹത്തിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വന്തം രക്ഷയെ കരുതിയും നേതാക്കളുടെയും സമൂഹത്തിന്റയും രക്ഷയെ കരുതിയും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ പ്രതിഷേധ പരിപാടികളിലായാലും പങ്കെടുക്കാവൂ. ഇടയ്ക്കിടെ കൈകള്‍ സാനിറ്റൈസ് ചെയ്യുകയോ സോപ്പുപയോഗിച്ച് കഴുകുകയോ ചെയ്യണം. ഇത്തരം പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും സ്വയം സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."