കൊവിഡ് യുദ്ധം പാതിവഴിയിലെത്തുമ്പോള്‍
നാലു മാസത്തിനിടയിലെ മഹാമാരിക്കാലത്ത് ലോകത്ത് 80 ലക്ഷത്തോളവും രാജ്യത്ത് മൂന്നു ലക്ഷത്തിലധികവും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും യഥാക്രമം നാലു ലക്ഷവും ഒന്‍പതിനായിരവും പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിരിക്കുന്നു. കൊവിഡിനെതിരേയുള്ള യുദ്ധത്തില്‍ ന്യൂസിലാന്‍ഡ്, വിയറ്റ്‌നാം, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, നോര്‍വെ എന്നീ രാജ്യങ്ങള്‍ ഒരു പരിധിവരെ വിജയിക്കുകയും അമേരിക്ക, ബ്രസീല്‍, റഷ്യ, ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവ പരാജയപ്പെടുകയും ചെയ്തപ്പോള്‍ ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങളും പാതിവഴിയിലെത്തി നില്‍ക്കുന്നതായും കണക്കാക്കാം.
ലോകത്ത് ആദ്യമായി കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ കൊവിഡ് കണ്ടെത്തിയപ്പോള്‍ ഇന്ത്യയില്‍ ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. തുടര്‍ന്ന് ഡല്‍ഹി, മുംബൈ, രാജസ്ഥാന്‍, ചെന്നൈ, ഛത്തീസ്ഗഢ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുകയും ക്രമേണ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കുകയും ലോകാരോഗ്യ സംഘടന ഇതിനുവേണ്ട പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയുണ്ടായി. കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് പകുതിയ്ക്കുശേഷം ഭാഗികമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും രാജ്യം മാര്‍ച്ച് 24ഓടെ സമ്പൂര്‍ണ അടച്ചിടലിലേയ്ക്ക് പോകുകയും ചെയ്തു. ഈയവസരത്തില്‍ ഇന്ത്യയില്‍ ആയിരത്തിലധികം രോഗികളാണുണ്ടായിരുന്നത്. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ രോഗവ്യാപനം മൂര്‍ച്ഛിക്കുകയും വിവിധ നഗരങ്ങളില്‍ ആരോഗ്യ ചികിത്സാ സംവിധാനത്തെ തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ കാലഘട്ടം കൊവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനു പുറമെ, വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ ചികിത്സാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും രോഗനിര്‍ണയ സംവിധാനങ്ങള്‍, ആശുപത്രി കിടക്കകള്‍, തീവ്രപരിചരണ വിഭാഗം, വെന്റിലേറ്ററുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനു വേണ്ട ശ്രമങ്ങളുമാണു വേണ്ടിയിരുന്നത്. എന്നാല്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ എന്നീ നഗരങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ആശുപത്രി കിടക്കകള്‍ ലഭ്യമല്ലാതെ വരികയും ചെയ്തു. വിവിധ രാജ്യങ്ങളെപ്പോലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്‌തെങ്കിലും അഭിമുഖീകരിക്കേണ്ട തീവ്ര രോഗവ്യാപനത്തെപ്പറ്റി രാജ്യം ചിന്തിച്ചില്ല. മുന്നൊരുക്കങ്ങള്‍ നടത്തുന്നതിലും പരാജയപ്പെട്ടു.
ദേശീയതലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഏകോപനവും നിരീക്ഷണവും സാമ്പത്തിക സഹായവും ഉറപ്പു വരുത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും വേണമായിരുന്നു. സംസ്ഥാനങ്ങളില്‍ വിവിധങ്ങളായ ചികിത്സാ സംവിധാനങ്ങളാണുള്ളതെന്നും പൊതുജനാരോഗ്യ മേഖലയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കിയില്ല. ജനസംഖ്യാനുപാതികമായി ചികിത്സാ കിടക്കകള്‍, രോഗനിര്‍ണയ സൗകര്യങ്ങള്‍, ലാബുകള്‍, ഡോക്ടര്‍മാര്‍ എന്നിവ ഉറപ്പു വരുത്തുന്നതിനാണ് ഏതൊരു രാജ്യത്തെപ്പോലെ ഇന്ത്യയും മുന്‍ഗണന നല്‍കേണ്ടിയിരുന്നത്. രോഗസാധ്യതയുള്ളവരെ തിരിച്ചറിഞ്ഞ് സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തല്‍, സമ്പര്‍ക്കശ്രേണി കണ്ടുപിടിക്കല്‍, രോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സ എന്നിവയാണ് പ്രധാന പ്രതിരോധ നടപടികള്‍. എന്നാല്‍ ഇതൊന്നും പരിശോധിക്കപ്പെടാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നല്ല ഫലമല്ല നല്‍കിയത്.
ഗുണനിലവാരമുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പി.പി.ഇ കിറ്റുകള്‍), മുഖാവരണങ്ങള്‍, ഗ്ലൗസുകള്‍, അണുനശീകരണ സംവിധാനങ്ങള്‍ എന്നിവ രാജ്യത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകിച്ചും തീവ്ര രോഗവ്യാപനമുള്ള സംസ്ഥാനങ്ങളിലെങ്കിലും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചില്ല. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു വേണ്ട താമസ സൗകര്യങ്ങള്‍, ഭക്ഷണം, യാത്രാ സംവിധാനങ്ങള്‍ എന്നിവയും ഒരുക്കേണ്ടതുണ്ട്. ജോലിക്കിടയില്‍ രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ ചികിത്സയുടെ പൂര്‍ണ ഉത്തരവാദിത്വവും ചെലവും കേന്ദ്ര സര്‍ക്കാര്‍ തന്നെ വഹിക്കേണ്ടതുമായിരുന്നു.
രോഗനിര്‍ണയ പരിശോധന സാര്‍വത്രികമാക്കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളാണ് പ്രധാനമായും ഉണ്ടാകേണ്ടത്. സര്‍ക്കാര്‍ മേഖലയിലെ എല്ലാ താലൂക്ക് ആശുപത്രി തലത്തിലും കൊവിഡ് പരിശോധനാ സംവിധാനം ഉറപ്പാക്കണം. സ്വകാര്യ മേഖലയിലും ഇവ അത്യാവശ്യമാണ്. കൂടുതല്‍ പരിശോധനാ ലാബുകള്‍ സജ്ജീകരിക്കുന്നതോടൊപ്പം പരിശോധനയുടെ ചെലവു കുറയ്ക്കുകയോ, സൗജന്യമാക്കുകയോ ചെയ്യണം. മഹാമാരിയെ പ്രതിരോധിക്കാന്‍ രോഗനിര്‍ണയം വേഗത്തിലാക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. ഇതോടൊപ്പം തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്രകള്‍ മൂലം രോഗവ്യാപന തീവ്രത കൂടാതിരിക്കാന്‍ വേണ്ട നടപടികളും സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നിത്യവൃത്തിക്കായി അവരുടെ കൈകളില്‍ പണമെത്തിച്ചാല്‍ ഒരളവുവരെ പലായനം തടയാവുന്നതാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന മാനസികാവസ്ഥയില്‍ പലരും ആത്മാഹുതി നടത്തുന്ന സ്ഥിതി ദുഃഖകരമാണ്.
കൊവിഡിനെതിരായ യുദ്ധം പാതിവഴി പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ ആത്മവിശ്വാസത്തിനു കോട്ടംതട്ടാതെ നോക്കണം. ദൃഢനിശ്ചയത്തോടെയും ശാസ്ത്രീയമായ ഏകോപനത്തിന്റെയും സഹായത്തോടെ ആരോഗ്യരംഗത്തെ വിദഗ്ധരെയും പ്രൊഫഷനല്‍ സംഘടനകളെയും ഉള്‍ക്കൊള്ളിച്ച് 'ദേശീയ കൊവിഡ് പ്രതിരോധ സമിതി' രൂപീകരിക്കേണ്ടതുണ്ട്. ഇവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിനു ഭരണതലത്തില്‍ ഉദ്യോഗസ്ഥ സമിതികളും നിരീക്ഷണത്തിനു മന്ത്രിതല സമിതികളും സജീവമാക്കണം. കൃത്യമായ ഫണ്ടുകള്‍ യഥാസമയം അനുവദിക്കണം. ഗുരുതരമായ രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളില്‍ താല്‍ക്കാലികമായ ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും വേണം. രോഗവ്യാപനത്തിന്റെ തോത്, മരണനിരക്ക്, ചികിത്സയിലുള്ളവരുടെ എണ്ണം എന്നിവ ക്രോഡീകരിച്ച് പൊതുസമൂഹത്തെ സുതാര്യമായി എല്ലാ ദിവസവും അറിയിക്കുന്നത് അവബോധമുണ്ടാക്കാന്‍ സഹായകമാകും.
ചുരുക്കിപ്പറഞ്ഞാല്‍, കൊവിഡ് യുദ്ധം ജയിക്കുന്നതിനു വേണ്ട നീക്കങ്ങള്‍ ഇനിയും ബാക്കിയാണ്. 135 കോടി വരുന്ന ഇന്ത്യന്‍ ജനത വരുംദിനങ്ങളെക്കുറിച്ച് ആശങ്കയില്‍ കഴിയുമ്പോള്‍ അവര്‍ക്കുവേണ്ട ആത്മവിശ്വാസവും ധൈര്യവും പകരാനുള്ള നടപടികള്‍ രാഷ്ട്രീയ ഭരണതലത്തില്‍ നടപ്പാക്കേണ്ടതുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെയും ശാസ്ത്രീയമായ വിശകലനങ്ങളിലൂടെയും ജനകീയ പങ്കാളിത്തത്തോടെയും മാത്രമേ നമുക്ക് ഈ യുദ്ധം ജയിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."