നവംബറില്‍ പൂര്‍ത്തിയാക്കും: കെ.എസ്.ടി.പി
കണ്ണപുരം പാലം മുതല്‍ ഇരിണാവ് കൊട്ടപ്പാലം വരെ ഭാഗത്ത് ഓവുചാല്‍ നിര്‍മിക്കും
പഴയങ്ങാടി: പാപ്പിനിശേരി മേല്‍പ്പാലത്തിന്റെ പ്രവൃത്തി നവംബറിലും താവം മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഫെബ്രുവരിയിലും പൂര്‍ത്തിയാക്കാനാകുമെന്ന് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍ കെ.പി പ്രഭാകരന്‍ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന കെ.എസ്.ടി.പി പ്രവൃത്തി അവലോകന യോഗത്തിലാണ് പ്രൊജക്ട് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്. പിലാത്തറ പീരക്കാംതടം കെ.എസ്.ടി.പി റോഡ് ട്രാഫിക് ജങ്ഷന്‍ വിപുലീകരണത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രവൃത്തി നടത്താന്‍ ഹൈവേയുടെ അരികിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനായി ഫോറസ്റ്റ് വകുപ്പിന്റെ അനുവാദത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രവൃത്തി പൂര്‍ത്തിയായ പിലാത്തറ മുതല്‍ പഴങ്ങായി വരെ ട്രാഫിക് സിഗ്‌നലുകളും റോഡ് മാര്‍ക്കുകളും ഉടന്‍ സ്ഥാപിക്കാന്‍ തയാറാകണമെന്നും വിട്ടുപോയ സ്ഥലങ്ങളില്‍ ഓവുചാല്‍ നിര്‍മാണം നടത്തണമെന്നും എം.എല്‍.എ ടി.വി രാജേഷ് യോഗത്തില്‍ ആവശ്യപ്പെട്ടു. കണ്ണപുരം പാലം മുതല്‍ ഇരിണാവ് കൊട്ടപ്പാലം വരെ ഭാഗത്ത് ഓവുചാല്‍ നിര്‍മിക്കാനും തീരുമാനമായി. മൂന്ന് തവണ കരാറുകാരന് സമയം നീട്ടി നല്‍കിയതിനാല്‍ നിര്‍മാണ പ്രവൃത്തി 2017 മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതു പ്രകാരം റോഡ് നിര്‍മാണ പ്രവൃത്തി നിരന്തരമായി നേരിട്ട് പരിശോധിക്കുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. റോഡ് പ്രവൃത്തി വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ടി.വി രാജേഷ് എം.എല്‍.എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് അവലോകന യോഗം ചേര്‍ന്നത്. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ പി.ജി സുരേഷ്, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ പി.കെ സതീശന്‍, പൊതുമരാമത്ത് സ്‌പെഷല്‍ സെക്രട്ടറി പി ശ്രീകലാ ദേവി, കെ.എസ്.ടി.പി കണ്‍സള്‍ട്ടന്റ് എം രാമചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."