കിണറ്റിലിറങ്ങി കുടുങ്ങിയ മൂന്നുപേരെ ഫയര്‍ഫോഴ്സ് രക്ഷിച്ചു
മലപ്പുറം: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി കുടുങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നുപേരെ മലപ്പുറത്തുനിന്നുള്ള അഗ്നിശമന സേന രക്ഷിച്ചു. രണ്ടിടങ്ങളിലായി ഇന്നലെ രാവിലെ എട്ടിനും പത്തിനുമാണ് അപകടത്തില്‍ പെട്ടവരെ അഗ്നിശമനസേനയെത്തി രക്ഷിച്ചത്.
മലപ്പുറം മച്ചിങ്ങല്‍ പൈത്തിനിപ്പറമ്പ് മേപ്പള്ളി കുന്നത്ത് സുബ്രഹ്മണ്യന്റെ വീടിനോടു ചേര്‍ന്ന 30 അടിയോളം ആഴമുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിയ മുണ്ടുപറമ്പ് സ്വദേശി പി.കെ സുരേന്ദ്രന്(40)ആണ് ശ്വാസം ലഭിക്കാതെ കിണറ്റില്‍ കുടുങ്ങിയത്. രാവിലെ പത്തിനായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മലപ്പുറം അഗ്നിശമന സംഘത്തിലെ ലീഡിങ് ഫയര്മാന് അബ്ദുസലീം ആണ് കിണറ്റില്‍ ഇറങ്ങി അതിസാഹസികമായി സുരേന്ദ്രനെ രക്ഷിച്ചത്. തുടര്‍ന്ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ എട്ടിന് മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപ്പാസിലും സമാന സംഭവം ഉണ്ടായി. താഴ്വാരം കോളജനിയില് കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികള്‍ തിരിച്ചു കയറാനാവാതെ കിണറ്റില്‍ കുടുങ്ങുകയായിരുന്നു. ഇവരെയും മലപ്പുറത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സ് രക്ഷിച്ചു.
സ്റ്റേഷന് ഓഫിസര്‍ സി. ബാബുരാജന്റെ നേതൃത്വത്തില്‍ അസി.സ്റ്റേഷന് ഓഫിസര്‍ പി. പ്രതീപ്, ഫയര്മാന്മാരായ മുരളീധരന്, ആദര്‍ഷ്, ശ്രീരാജ്, മനോജ്, നവീന്‍ എന്നിവരടുങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."