ആവശ്യമെങ്കില്‍ റവന്യൂ റിക്കവറി ലൈഫ് ഭവന പദ്ധതി: വീടുകള്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍
മലപ്പുറം: ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള വീടുകളുടെ നിര്‍മാണത്തില്‍ 85 ശതമാനം പൂര്‍ത്തീകരിച്ച ജില്ലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ബാക്കിയുള്ളവ ജൂലൈ 31നകം പൂര്‍ത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ. ലൈഫ് മിഷന്‍ ജില്ലാ അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ പ്രവര്‍ത്തനം തുടങ്ങാത്ത വീടുകളുടെ ഗുണഭോക്താക്കളെ ജനപ്രതിനിധികളുടെ സഹായത്തോടെ സമീപിച്ചു നിര്‍മാണം ഉടന്‍ തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. മുന്‍കൂര്‍ തുക വാങ്ങിയിട്ടും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരണത്തിനു സഹകരിക്കാത്ത ഗുണഭോക്താക്കള്‍ക്കു നോട്ടീസ് നല്‍കും.
ആവശ്യമെങ്കില്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
ചോലാര്‍മല ട്രൈബല്‍ കോളനിയിലേക്കുള്ള റോഡ് കാലവര്‍ഷത്തെ തുടര്‍ന്നു തകര്‍ന്നതിനാല്‍ കോളനിയിലെ ലൈഫ് വീടുകളുടെ നിര്‍മാണം തുടരാനാകാത്ത സാഹചര്യത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ ബി.ഡി.ഒയ്ക്കും ഐ.ടി.ഡി.പി ഓഫിസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. കോളനികളിലെ വീടുകളില്‍ ഇടനിലക്കാര്‍ സാമ്പത്തിക ചൂഷണം നടത്തുന്നതു നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലയിലെ പട്ടികജാതി വികസന ഓഫിസര്‍മാരെയും പദ്ധതി പൂര്‍ത്തീകരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ നഗരസഭാ സെക്രട്ടറിമാരെയും ബി.ഡി.ഒമാരെയും യോഗം അഭിനന്ദിച്ചു.
ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം. ശ്രീഹരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."