സീറ്റ് നിഷേധിക്കപ്പെട്ട 12 ബി.ജെ.പി എം.പിമാര്‍ പ്രതിപക്ഷ പാര്‍ട്ടികളിലേക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ 12 സിറ്റിങ് എം.പിമാര്‍ക്ക് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചു. അതേസമയം അസംതൃപ്തരായ ഇവരെ സ്വാധീനിക്കാന്‍ പ്രതിപക്ഷവും രംഗത്തെത്തി.
പാര്‍ട്ടി പ്രഖ്യാപിച്ച 61 സ്ഥാനാര്‍ഥികളില്‍ 12 സിറ്റിങ് എം.പിമാര്‍ക്ക് സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇവരെ മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം തുടങ്ങിയത്.
ടിക്കറ്റ് നിഷേധിക്കപ്പെട്ടവരില്‍ നാലുപേര്‍ കോണ്‍ഗ്രസിലും സമാജ് വാദി പാര്‍ട്ടിയിലും ചേരുകയും ചെയ്തിട്ടുണ്ട്. പ്രയാഗ് രാജ് എം.പി ശ്യാമ ചരണ്‍ ഗുപ്ത സമാജ്വാദി പാര്‍ട്ടിയിലും ബെഹ്റെയ്ച്ച് എം.പി സാവിത്രി ബായ് ഫുലെ കോണ്‍ഗ്രസിലും സ്ഥാനാര്‍ഥികളായി നേരത്തെ തന്നെ മത്സര രംഗത്തെത്തിയിട്ടുണ്ട്. ഹാര്‍ദോയ് മണ്ഡലത്തിലെ ബി.ജെ.പി എം.പി അന്‍ഷൂല്‍ വര്‍മ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ദലിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേക ഉപാധികളൊന്നുമില്ലാതെയാണ് എസ്.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ബി.ജെ.പിയുടെ മറ്റൊരു പ്രമുഖനായ നേതാവും എത്വാ എം.പിയുമായ അശോക് കുമാര്‍ ദൊഹ്റെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."