ആയഞ്ചേരി ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി പരാതി
ആയഞ്ചേരി: ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം താളംതെറ്റിയതായി വ്യാപക പരാതി. ഡോക്ടറില്ലാത്തതിന് പുറമെ ഡിസ്‌പെന്‍സറിയിലെത്തുന്ന രോഗികളോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. ദിനേന നൂറിലധികം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഇവിടെ കഴിഞ്ഞ കുറേ ദിവസമായി ഡോക്ടറില്ല. ഡോക്ടറില്ലാത്തത് അറിയാതെ ക്ലിനിക്കിലെത്തുന്നവരോട് മാന്യമായി മറുപടി പറയാന്‍ പോലും ജീവനക്കാര്‍ തയാറാകുന്നില്ല. ഡോക്ടര്‍ സ്ഥലത്തില്ലെങ്കില്‍ അക്കാര്യം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന ചട്ടമൊന്നും ഇവിടെ പാലിക്കുന്നില്ല. ഡോക്ടറില്ലാത്തതിനെ കുറിച്ച് ചോദിച്ചാല്‍ രോഗികളോട് തട്ടിക്കയറുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഇത് പലപ്പോഴും വാക്കേറ്റത്തിന് കാരണമാകാറുണ്ട്. അടുത്തിടെ വിരമിക്കാനിരിക്കുന്ന ജീവനക്കാരി ഡിസ്‌പെന്‍സറിയിലെ ആരോപണ വിധേയനായ സ്റ്റാഫിന്റെ ഭാഗത്തുനിന്ന് കടുത്ത മാനസിക പീഡനത്തിനിരയായതായി കാണിച്ച് ഡി.എം.ഒക്ക് പരാതി നല്‍കിയിട്ടുണ്ട്. അടുത്തുള്ള ഏതെങ്കിലും ഡിസ്‌പെന്‍സറിയിലേക്ക് സ്ഥലം മാറ്റിത്തരണം എന്നാണ് പരാതിയില്‍ പറയുന്നത്.
ഏറെ കാലമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അടുത്ത കാലത്തായാണ് താളം തെറ്റിയത്. പഞ്ചായത്താകട്ടെ ഡിസ്‌പെന്‍സറിയുടെ കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്. ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."