HOME
DETAILS
MAL
ജഡ്ജിമാരെ തഴഞ്ഞ് 'സ്‌കൂള്‍ പി.ടി.എ അംഗത്തെ' നിയമിക്കാന്‍ നീക്കം
backup
June 18 2020 | 03:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തേണ്ട സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് യോഗ്യതകള്‍ മറികടന്ന് രാഷ്ട്രീയ നിയമനം നടത്താന്‍ നീക്കം.
ജില്ലാ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരെ മറികടന്ന് ഇടത് അനുഭാവിയായ അഭിഭാഷകനെ നിയമിക്കാനാണ് നീക്കം. തലശേരി കോടതിയിലെ അഭിഭാഷകനായ മനോജ്കുമാറിനെയാണ് അഭിമുഖത്തിനുശേഷം സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. സ്‌കൂള്‍ പി.ടി.എയില്‍ പ്രവര്‍ത്തിച്ചുവെന്നതാണ് കുട്ടികളുമായി ബന്ധപ്പെട്ട് മനോജ്കുമാറിനുള്ള അനുഭവസമ്പത്തെന്ന് അദ്ദേഹത്തിന്റെ ബയോഡാറ്റ വ്യക്തമാക്കുന്നു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായ സമിതിയാണ് അഭിമുഖം നടത്തിയത്. വിജിലന്‍സിന്റെ അംഗീകാരംകൂടി ലഭിച്ചാല്‍ നിയമനം നടക്കും.
അപേക്ഷ നല്‍കിയവരില്‍ 27 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് കഴിഞ്ഞ 25,26 തിയതികളില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖം നടത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്.
മന്ത്രിക്ക് പുറമെ സാമൂഹ്യക്ഷേമ, നിയമവകുപ്പ് സെക്രട്ടറിമാരാണ് അഭിമുഖം നടത്തിയ സമിതിയിലുണ്ടായിരുന്നത്. റാങ്ക് ലിസ്റ്റില്‍ കെ.വി മനോജ് കുമാറിന് ഒന്നാം റാങ്കും നിലവിലെ കമ്മിഷന്‍ അംഗമായ ഡോ. എം.പി ആന്റണിക്ക് രണ്ടാം റാങ്കും കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച് പഞ്ചാപകേശന് മൂന്നാംറാങ്കുമാണ് നല്‍കിയത്. കല്‍പ്പറ്റ, ആലപ്പുഴ ജില്ലാ കോടതികളിലായി നിരവധി പോക്‌സോ കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചതിലൂടെ എസ്.എച്ച് പഞ്ചാപകേശന്‍ ശ്രദ്ധേയനാണ്. തലശേരി ജില്ലാ ജഡ്ജി ടി.ഇന്ദിരയും റാങ്ക് ലിസ്റ്റില്‍ പിന്നിലായി. നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു പതിനൊന്ന് പേരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉള്ള അവാര്‍ഡുകളും ഈ മേഖലയിലെ പ്രവൃത്തിപരിചയവുമാണ് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
കുട്ടികളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പദവിയിലേക്ക് രാഷ്ട്രീയനിയമനം നടത്തുന്നതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാരിനെതിരേ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."