കുന്നംകുളത്ത് പുതിയ ട്രാഫിക് പരിഷ്ക്കാരങ്ങള്‍ക്ക് നിര്‍ദ്ദേശം
കുന്നംകുളം : നഗരത്തിലെ ഓട്ടോറിക്ഷകള്‍ നിയന്ത്രിക്കുന്നതുള്പടേയുള്ള പുതിയ ട്രാഫിക്ക് പരിഷ്ക്കാരങ്ങള്‍ക്ക് നിര്‍ദേശം.
നഗരസഭ ചെയര്പഴസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ് പുതിയ ട്രാഫിക് പരിഷ്ക്കാര നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നത്. നിര്‍ദേശങ്ങള്‍ പഠിച്ചു പ്രാവര്‍ത്തികമാക്കുന്നതിനും മറ്റുമായി ട്രാഫിക്ക് സബ് കമ്മിറ്റി രൂപീകരിച്ചു.
നിലവില്‍ നഗരത്തില്‍ പെര്‍മിറ്റ് അനുവദിച്ച ഓട്ടോറിക്ഷകള്‍ക്ക് മുഴുവന്‍ പുതിയ പെര്‍മിറ്റ് അനുവദിക്കും. ഇതിനായി നിലവില്‍ പെര്മിറ്റു നല്‍കിയിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ റീജ്യണല്‍ ട്രാന്സഫോര്ട്ട് ഓഫിസറെ ചുമതലപെടുത്തി.ട്രാഫിക്ക് കുരുക്ക് നിയന്ത്രിക്കുന്നതിനായി ഹെര്‍ബര്‍ട്ട് റോഡില്‍ പുതിയ പേ പാര്‍ക്കിങ് ആരംഭിക്കുന്നതിനും സീബ്രാലൈനുകള്‍ വരക്കുന്നതിനും തീരുമാനമായി.
തൃശൂര്‍ റോഡില്‍ നിന്നുള്ള വലിയ വാഹനങ്ങളും വടക്കാഞ്ചേരി പട്ടാമ്പി ഭാഗങ്ങളില്‍ നിന്നുള്ള മുഴുവന്‍ വാഹനങ്ങള്‍ക്കും ഇനി ബസ്റ്റാന്റിന് മുന്നിലേക്കു നേരിട്ട് പ്രവേശനമുണ്ടാകില്ല.
ഇവ നഗരസഭ റോഡ് വഴി ഗുരുവായൂര്‍ റോഡിലേക്ക് പ്രവേശിക്കണം. താലൂക്ക് ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ക്കായി ആശുപത്രിയുടെ പുറകിലെ കവാടം തുറന്നിടും. ഇതോടെ ബസ്റ്റാന്റിന് മുന്നിലെ തിരക്കു കുറയാന്‍ കാരണമാകുമെന്നാണ് കണക്കുകൂട്ടുന്നത്.താലൂക്ക് സ്ഥാനം വഴി ബസുകള്‍ തിരിച്ചുവിടുന്നതു സംബന്ധിച്ച് വിശദമായി പഠനം നടത്താനും യോഗത്തില്‍ ധാരണയായി.
ട്രാഫിക്ക് പരിഷ്ക്കരണങ്ങള്‍ സംബന്ധിച്ചുള്ള വിദഗ്ദമായ ചര്‍ച്ചക്കും അവതരണത്തിനുമായി ഈ മാസം 11ന് വീണ്ടും യോഗം ചേരും.
ചെയര്‍പഴ്സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്മാന് പി.എം സുരേഷ്, സി.ഐ കെ.ജി സുരേഷ്കുമാര്‍, എ.എം വി.ഐ സന്തോഷ്കുമാര്‍. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍, താലൂക്ക് ഓഫിസ് പ്രതിനിധികളായി എ.സി ഹൈദ്രോസ്, ആര്.കെ അനില്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."