ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ കേന്ദ്രത്തിന് അന്താരാഷ്ട്ര അംഗീകാരം
ഇരിങ്ങാലക്കുട : ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്ക്ക് അഭിമാനമായി ക്രൈസ്റ്റ് കോളജിലെ ആറംഗ മലയാളി ഗവേഷണസംഘത്തെ ഹംഗറിയില്‍ വച്ചു നടക്കുന്ന 31ാംമതു യൂറോപ്യന്‍ ചിലന്തി ഗവേഷണ സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണിതാക്കളായി തെരഞ്ഞെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ഓളം ചിലന്തി ഗവേഷകര്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും ഈ ആറു പേര്‍ക്ക് മാത്രമാണ് ക്ഷണം.
എട്ടു മുതല്‍ 13 വരെ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വച്ചാണ് സമ്മേളനം. ലോക ചിലന്തി ഗവേഷണ മേഖലക്ക് ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ കേന്ദ്രം നല്‍കിയ സംഭാവനകള്‍ക്കുള്ളതാണ് ഈ അംഗീകാരമെന്ന് ഗവേഷണ കേന്ദ്രം മേധാവി ഡോ.എ.വി സുധികുമാര്‍ അഭിപ്രായപ്പെട്ടു.
ആറു പേരും ഇന്ത്യ ചിലന്തികളെ കുറിച്ചു വ്യത്യസ്തമായ ഗവേഷണ പ്രബദ്ധങ്ങളാണ് അവതരിപ്പിക്കുന്നത്.
കേരളത്തിലെ കോള്‍ പാടങ്ങളിലെ ചിലന്തി വൈവിധ്യവും ജൈവിക കീട നിയന്ത്രണത്തില്‍ ചിലന്തികള്‍ക്കുള്ള പങ്കുമാണ് ഗവേഷണ വിദ്യാര്‍ഥി കെ.എസ് നഫീന്‍ അവതരിപ്പിക്കുന്നത്.
സാമൂഹിക ജീവിതം നയിക്കുന്ന ചിലന്തികളുടെ സ്വഭാവ സവിശേഷതകളും അവയുടെ വലയില്‍ കാണുന്ന പരാദ ജീവികളുടെ വൈവിധ്യവുമാണ് ദൃശ്യ മോഹന്റെ പഠനം.
കാര്യമായ ഗവേഷണങ്ങള്‍ ഒന്നും നടക്കാത്ത കേരളത്തിലെ കാവുകളിലെ ചിലന്തി വൈവിധ്യവും കാലാവസ്ഥ വ്യതിയാനവുമാണ് എന്‍.വി സുമേഷിന്റെ പ്രബന്ധം.
ജൈവ വൈവിധ്യത്തിന്റെ കലവറയായ വയനാട് വന്യജീവി സങ്കേതത്തില്‍ ഇടക്കിടെ ഉണ്ടാകുന്ന കാട്ടു തീ ചിലന്തി വൈവിധ്യത്തെ എങ്ങിനെയാണ് ദോഷകരമായി ബാധിക്കുന്നത് എന്നതാണു പി.പി സുധിന്റെ പഠനം.
ഇന്ത്യയില്‍ ആദ്യമായി രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ വിഷചിലന്തികളുടെ പഠനമാണ് എന്‍.എ കാശ്മീര അവതരിപ്പിക്കുന്നത്. വര്‍ധിച്ചു വരുന്ന ആഗോള താപനം ചിലന്തികളുടെ ഇരപിടിക്കല്‍ ശേഷിയേയും ആഹാര ശൃംഖലയിലുണ്ടാക്കുന്ന മാറ്റങ്ങളുമാണു ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ.എ.വി സുധികുമാര്‍ അവതരിപ്പിക്കുന്നത്.
യൂറോപ്യന്‍ ചിലന്തി ഗവേഷണ സംഘടനയുടെയും യുനിവേഴ്‌സിറ്റി ഗ്രാന്റസ് കമ്മിഷന്റെയും ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."