വോട്ടെടുപ്പ് സമയം നീട്ടും; വലിയ യോഗങ്ങള്‍ക്കും പ്രചാരണ പരിപാടികള്‍ക്കും വിലക്കുണ്ടാകും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒക്‌ടോബര്‍ അവസാന വാരം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അടിമുടി മാറ്റാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. നിലവില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം. അത് ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.
ഏതാണ്ട് 36,000 ബൂത്തുകള്‍ വേണ്ടിവരുമെന്നാണ് കമ്മിഷന്റെ കണക്കുകൂട്ടല്‍. കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുമ്പോള്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാലാണ് വോട്ടെടുപ്പിന്റെ സമയം വര്‍ധിപ്പിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.
നിലവില്‍ പുരുഷന്മാര്‍ അധ്യക്ഷന്മാരായ തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകളാകും അടുത്ത തവണ അധ്യക്ഷസ്ഥാനത്തേക്കു വരിക. സ്ത്രീകള്‍ അധ്യക്ഷകളായ തദ്ദേശ സ്ഥാപനങ്ങളില്‍ പുരുഷന്മാരും. സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഒക്ടോബര്‍ അവസാനം തെരഞ്ഞെടുപ്പ് നടത്തി നവംബര്‍ 12നു പുതിയ ഭരണ സമിതികള്‍ അധികാരത്തില്‍ വരുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് ജോലികള്‍ പുരോഗമിക്കുന്നതെന്നും ഭാസ്‌കരന്‍ പറഞ്ഞു. മട്ടന്നൂര്‍ നഗരസഭയിലേക്കൊഴികെയുള്ള സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാന നിര്‍ദേശങ്ങള്‍
ി വീടുകളില്‍ കയറി ഇറങ്ങിയുള്ള പ്രചാരണത്തിനും നിയന്ത്രണങ്ങളുണ്ടാകും
ി വീടുകളിലെ പ്രചാരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റില്‍ ആരോഗ്യ വിദഗ്ധരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം വിളിക്കും
ി അതിനുശേഷം വീടുകളിലെ പ്രചാരണത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും
ി കൊവിഡ് പടരുന്നതിനാല്‍ വലിയ യോഗങ്ങള്‍ക്കോ പ്രചാരണ പരിപാടികള്‍ക്കോ അനുവാദമുണ്ടാകില്ല
ി വെര്‍ച്വല്‍ ക്യാംപയിന്‍ സാധ്യതകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കേണ്ടി വരും
ി വാട്‌സ്ആപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും വോട്ട് പിടിക്കണം
ി മീറ്റിങുകള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാകും
വോട്ടര്‍ പട്ടികയായി; 14.79 ലക്ഷം പുതിയ വോട്ടര്‍മാര്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന പൊതുതെരഞ്ഞെടുപ്പിനുളള അന്തിമ വോര്‍ട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 നഗരസഭകളിലെയും ആറു കോര്‍പറേഷനുകളിലേയും അന്തിമ വോട്ടര്‍ പട്ടികയില്‍ 2,62,24,501 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
പുതിയതായി 6,78,147 പുരുഷന്മാരും 8,01,328 സ്ത്രീകളും 66 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 14,79,541 വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.
മരണപ്പെട്ടവര്‍, സ്ഥിരതാമസമില്ലാത്തവര്‍ തുടങ്ങിയ നാല് ലക്ഷത്തോളം വോട്ടര്‍മാരെ കരട് പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
2,51,58,230 വോട്ടര്‍മാരുള്ള കരട് വോട്ടര്‍ പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 16 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ രണ്ട് അവസരങ്ങള്‍ കൂടി നല്‍കും.
മലപ്പുറം ജില്ലയിലെ എടയൂര്‍, എടപ്പാള്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ കൊവിഡ് പ്രോട്ടോകോള്‍മൂലം അടച്ചിട്ടിരിക്കുന്നതിനാല്‍ അവ തുറക്കുന്ന മുറയ്ക്ക് വോട്ടര്‍പട്ടിക പരിധോധനയ്ക്ക് ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."