ചേന്ദമംഗലം കൈത്തറിയെ അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കും: ഹൈബി
പറവൂര്‍: ചേന്ദമംഗലം കൈത്തറിയെ അന്താരാഷ്ട വിപണിയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പദ്ധതികള്‍ കേന്ദ്ര സഹായത്തോടെ ആവിഷ്‌കരിക്കുമെന്ന് ഹൈബി ഈഡന്‍. യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം.എല്‍.എ വിഡി സതീശനൊപ്പം ചേന്ദമംഗലം കരിമ്പാടത്തെ കൈത്തറി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ തനിമ വിളിച്ചോതുന്ന പരമ്പരാഗത കൈത്തറി കേന്ദ്രമായ ചേന്ദമംഗലം കൈത്തറി സംരക്ഷിക്കപ്പെടേണ്ടത് കേരള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നൂറുകണക്കിന് തൊഴിലാളികള്‍ ഈ പരമ്പരാഗത കൈത്തറി മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. ഈ വ്യവസായത്തിലുണ്ടാകുന്ന തകര്‍ച്ച ഒരു ജനതയുടെ ജീവിത സ്വപ്നങ്ങളെ തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തില്‍ അസംസ്‌കൃത വസ്തുക്കളും തറികളും നെയ്തു കേന്ദ്രങ്ങളും ഉള്‍പ്പെടെ എല്ലാം പൂര്‍ണമായി തകര്‍ന്നിരുന്നു. എന്നാല്‍ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഒക്കെ നിസ്വാര്‍ഥ സഹകരണത്തില്‍ കൈത്തറി മേഖലയെ പൂര്‍ണതോതില്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇനി കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും മികച്ച വിപണികള്‍ കണ്ടെത്തേണ്ട ബാധ്യത കൂടിയുണ്ടെന്നും ഹൈബി പറഞ്ഞു.
പറവൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പര്യടനം രാവിലെ മാഞ്ഞാലിയില്‍ നിന്നാണ് ആരംഭിച്ചത്. തേലത്തുരുത്, കണക്കന്‍ കടവ് പിന്നിട്ട് എളന്തിക്കരയില്‍ എത്തിച്ചേര്‍ന്നു. എളന്തിക്കരയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം. പര്യടനം പുത്തന്‍വേലിക്കര പഞ്ചായത്തില്‍ എത്തിയപ്പോള്‍ ജോര്‍ജ്ജ് ഈടനോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത വയോധികരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ സ്വീകരണം നല്‍കി. മാളവന താഴഞ്ചിറ തിരുത്തൂര്‍, തിരുത്തിപ്പുറം പ്രദേശങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി ചിറ്റാനപ്പള്ളിയിലേക്ക്. പര്യടന തിരക്കിലും അവശരായ മുതിര്‍ന്ന യു.ഡി.എഫ് പ്രവര്‍ത്തകരെയും മറ്റും സന്ദര്‍ശിക്കാനും ഹൈബി മറന്നില്ല.
ഉച്ചയോടെ ഭാരത് മാതാ കോളജിലെ കെ.എസ്.യു പ്രവര്‍ത്തകരുടെ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ഹൈബി ഈഡന്‍ പറവൂരില്‍ നിന്നും തൃക്കാക്കര ഭാരത് മാതാ കോളേജില്‍ ഓടിയെത്തി. എം.എല്‍.എ പി.ടി തോമസിനൊപ്പം പഴയ കെ.എസ്.യു നേതാവിന്റെ ആവേശത്തോടെ വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ നടന്ന ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി. വിദ്യാര്‍ഥികളുമായി സംവദിച്ച് തിരികെ പറവൂരിലേക്ക്. പറവൂരില്‍ എത്തി ഉച്ചഭക്ഷണത്തിനുശേഷം ചേന്ദമംഗലം കൈത്തറി ഗ്രാമത്തിലെത്തി.
ചേന്ദമംഗലം പഞ്ചായത്തിലെ കരിമ്പാടം നെയ്തു സംഘം സന്ദര്‍ശിച്ച് തൊഴിലാളികളുമായി വിവരങ്ങള്‍ ആരാഞ്ഞു. പാര്‍ലമെന്റിലെത്തുമ്പോള്‍ പരമ്പരാഗത കൈത്തറിയുടെ സമഗ്ര വികസനത്തിനായി ശബ്ദമുയര്‍ത്തും എന്ന ഉറപ്പും. പാലിയം കൊട്ടാരം സന്ദര്‍ശിച്ച് കൂട്ടുകാട്, കൊച്ചങ്ങാടി, വടക്കുംപുറം എന്നിവടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി ഗോതുരുത്ത് മൂത്തകുന്നം. മേഖലയിലേക്ക്. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളില്‍ ആവേശത്തോടെ പ്രവര്‍ത്തകര്‍.വാവക്കടവ് ഖാദി പ്രൊഡക്ഷന്‍ യൂനിറ്റ്, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. ചിറ്റാറ്റുകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."