റിപ്പോര്‍ട്ടില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം
കോഴിക്കോട്: നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ ചൊല്ലി ബഹളം. യോഗ നടപടികള്‍ ആരംഭിച്ച ശേഷം ആദ്യം അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാദമായ തെരുവുവിളക്ക് വിഷയം സംബന്ധിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ സെക്രട്ടറി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം പ്രമേയം അവതരിപ്പിക്കാമെന്ന് മേയര്‍ അറിയിച്ചെങ്കിലും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അംഗീകരിച്ചില്ല.
തുടര്‍ന്ന് യോഗം തുടങ്ങി പത്ത് മിനുട്ടിനുള്ളില്‍ ബഹളമായി. ഇത് സംബന്ധിച്ച് എല്‍.ഡി .എഫ് കൗണ്‍സിലര്‍മാരും യു.ഡി.എഫ് കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റവും ഉടലെടുത്തു. എന്നാല്‍ റിപ്പോര്‍ട്ട് ആദ്യം അവതരിപ്പിക്കണമെന്നആവശ്യത്തില്‍ മേയര്‍ ഉറച്ച് നിന്നതോടെ യു.ഡി.എഫ് കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുമായിരുന്നു.
സെക്രട്ടറി റിപ്പോര്‍ട്ട് വായിച്ച ശേഷം റിപ്പോര്‍ട്ടിന്റെ കോപ്പി വിതരണം ചെയ്യണമെന്ന് സി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടത് വീണ്ടും ബഹളത്തിന് ഇടയാക്കി. സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടതെന്ന് ആരോപിച്ച് എല്‍.ഡി.എഫ് രംഗത്തെത്തി. യു.ഡി.എഫ് കൗണ്‍സിലര്‍മാരായ അഡ്വ. പി. എം നിയാസ്, കുഞ്ഞാമുട്ടി, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍ , കെ.പി ബീരാന്‍ കോയ എന്നിവര്‍ റിപ്പോര്‍ട്ട് വിതരണം ചെയ്യണമെന്ന് ശക്തമായി ആവശ്യപ്പെട്ടതോടെ എല്‍.ഡി.എഫ്, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കമായി.
തുടര്‍ന്ന് മേയര്‍ ഒരു മണിക്കൂറോളം യോഗ നടപടികള്‍ നിര്‍ത്തിവച്ചശേഷമാണ് യോഗം ആരംഭിച്ചത്. മേയര്‍ ചെയറിനെ അപമാനിക്കുന്ന രീതിയിലാണ് അഡ്വ. പി.എം നിയാസ് സംസാരിച്ചതെന്നും അദ്ദേഹം മാപ്പ് പറയണമെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്ന കാര്യം കൗണ്‍സിലര്‍മാര്‍ മറക്കരുതെന്ന് മേയര്‍ ഓര്‍മിപ്പിച്ചു. കൗണ്‍സിലിന്റെ അന്തസ് കെടുത്തുന്ന രീതിയിലുള്ള പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മേയര്‍ വിശദമാക്കി. തെരുവുവിളക്ക് വിഷയത്തില്‍ താല്‍പര്യപത്രത്തിന് വിരുദ്ധമായി എഗ്രിമെന്റ് തയാറാക്കിയതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ക്ലാര്‍ക്ക്, സൂപ്രണ്ട്, ഡെപ്യൂട്ട് സെക്രട്ടറി എന്നിവര്‍ക്ക് 1960ലെ സര്‍വിസ് ചട്ടമനുസരിച്ച് വാര്‍ഷിക ഇഗ്രിമെന്റ് തടഞ്ഞുവയ്ക്കാനും റവന്യൂ ഓഫിസര്‍ക്ക് കര്‍ശന താക്കീത് നല്‍കാനും തീരുമാനിച്ചു.
ഇതില്‍ പരാതിയുണ്ടെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കരാര്‍ റദ്ദ് ചെയ്യണമെന്ന് യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത് മേയര്‍ നിരാകരിച്ചതോടെ യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. യോഗത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ മേയര്‍ വിളിച്ചതോടെ യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധവുമായി ബന്ധപ്പെട്ട് കെ.ടി ബീരാന്‍ കോയയും നമ്പിടി നാരായണനുമാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. കെ.ടി ബീരാന്‍ കോയ പ്രമേയം അവതരിപ്പിച്ചു.
കിഷന്‍ ചന്ദ് പിന്താങ്ങി. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊള്ളലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായുള്ള അടിയന്തര പ്രമേയത്തെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. ഇതേതുടര്‍ന്ന് മേയര്‍ പ്രമേയം വോട്ടിനിട്ടു. യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ അനുകൂലിച്ചു. എല്‍.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതോടെ പ്രമേയം തള്ളി.
കെ.വി ബാബുരാജ്, നമ്പിടി നാരായണന്‍, എം.സി അനില്‍കുമാര്‍, കെ. രാധാകൃഷ്ണന്‍, പ്രശാന്ത് കുമാര്‍, ടി.സി ബിജുരാജ്, ഉഷാദേവി ടീച്ചര്‍, കെ.എം റഫീഖ്, സി . അബ്ദു റഹിമാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മഴക്കാല പൂര്‍വ ഓടവൃത്തിയാക്കല്‍, കുടിവെള്ളക്ഷാമം തുടങ്ങി വിവിധ വിഷയങ്ങളില്‍ കെ. എം റഫീഖ്, ഉഷാദേവി ടീച്ചര്‍, സതീഷ് കുമാര്‍, പേരോത്ത് പ്രകാശന്‍, ആര്‍. വി ഐശാബി, അഡ്വ. പി. എം നിയാസ്, അഡ്വ. സി. കെ സീനത്ത്, ടി. സി ബിജുരാജ്, കിഷന്‍ ചന്ദ്, കറ്റാടത്ത് ഹാജ്‌റ എന്നിവര്‍ കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു. ഇ. കെ കനാല്‍ വീതിക്കൂട്ടല്‍ വിഷയം കോര്‍പറേഷന്റെ പരിധിയിലുള്ളതല്ലെന്നും സംസ്ഥാന സര്‍ക്കാരിനാണ് അധികാരമെന്നും മേയര്‍ ശ്രദ്ധക്ഷണിക്കലില്‍ വ്യക്തമാക്കി.
ഇറിഗേഷന്‍ വകുപ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ തുടര്‍ നടപടികള്‍ വന്നാല്‍ കോര്‍പറേഷന് പ്രദേശവാസികളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കാമെന്നും മേയര്‍ അറിയിച്ചു.
ഫ്രാന്‍സിസ് റോഡിലെ കുടുംബശ്രീയുടെ തീര്‍ഥം പ്ലാന്റിനെതിരെ പ്രദേശവാസികള്‍ ആശങ്ക അറിയിച്ചതിനാല്‍ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റിവച്ചതായി മേയര്‍ അറിയിച്ചു. യോഗത്തില്‍ 55ഓളം അജന്‍ഡകള്‍ പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."