'കാരുണ്യ'ത്തിന്റെ വഴിയടയ്ക്കരുത്
നിരവധി പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി (കെ.ബി.എഫ്) സെപ്റ്റംബര്‍ വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഉത്തരവിലെ അവ്യക്തത കാരണം പലര്‍ക്കും ഗുണം ലഭിക്കാത്ത അവസ്ഥയാണ്. സെപ്റ്റംബര്‍ 30 വരെ തുടരുന്ന പദ്ധതി അതിനുശേഷം ആരോഗ്യവകുപ്പിന് കീഴില്‍ ആരംഭിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ലയിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. എന്നാല്‍, പദ്ധതിപ്രകാരം കഴിഞ്ഞ മെയ് 31ന് ശേഷം ചികിത്സക്കെത്തിയവരെയെല്ലാം ആരോഗ്യവകുപ്പ് ചികിത്സ നല്‍കാതെ മടക്കിയിരിക്കുകയാണ്. പാവപ്പെട്ട നിരവധി രോഗികളാണ് ചികിത്സ നിഷേധിക്കപ്പെട്ട് മടങ്ങിയത്. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് 'കാരുണ്യ' മൂന്നു മാസത്തേക്കുകൂടി നീട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
എന്നാല്‍, ഉത്തരവിന്റെ ആനുകൂല്യം രോഗികള്‍ക്ക് കിട്ടിയില്ല. ഉത്തരവിലെ അവ്യക്തതയാണ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ട അവസ്ഥയുണ്ടാക്കിയത്. ഏതൊക്കെ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കാമെന്നു ഉത്തരവില്‍ വ്യക്തമാക്കാത്തതിനെ തുടര്‍ന്നായിരുന്നു ചികിത്സ നിഷേധിക്കപ്പെട്ടത്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിപ്രകാരമുള്ള ചികിത്സ സെപ്റ്റംബര്‍ 30 വരെ നീട്ടിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത് ഈ മാസം 16നാണ്. അര്‍ബുദം, ഡയാലിസിസ്, ഹീമോഫീലിയ എന്നിവയ്ക്കുള്ള ചികിത്സയെക്കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നത്. ഇവ ഉള്‍പ്പെടെ എട്ടു പാക്കേജുകള്‍ക്ക് തുക അനുവദിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഹൃദയം, കരള്‍, നട്ടെല്ല് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയെ സംബന്ധിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലും പറഞ്ഞിരുന്നില്ല. അതിനാല്‍ ഇത്തരം രോഗികള്‍ക്കുള്ള തുടര്‍ചികിത്സ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിപ്രകാരം നല്‍കാനാകുമോയെന്ന ആശുപത്രികളുടെ സംശയം കാരണം നിരവധിപേരാണ് ചികിത്സ ലഭിക്കാതെ മടങ്ങിയത്.
ശ്രീചിത്ര, മെഡിക്കല്‍ കോളജ്, മറ്റു ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം രോഗികള്‍ക്ക് മടങ്ങേണ്ടിവന്നു. 2019 ജൂലൈ മൂന്നുവരെ സ്വീകരിച്ച അപേക്ഷകള്‍ പ്രകാരം ഹൃദയം, തലച്ചോര്‍, സുഷുമ്‌നാ നാഡി, നട്ടെല്ല്, ശ്വാസകോശ രോഗങ്ങള്‍, ഹൃദയം, കരള്‍, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയവയ്ക്ക് കൂടി ചികിത്സാ അനുമതി നല്‍കിയിരുന്നു. അതാണിപ്പോള്‍ ഉത്തരവിലെ അവ്യക്തതമൂലം ഇല്ലാതായിരിക്കുന്നത്.
നിര്‍ധനരായ രോഗികള്‍ക്ക് വലിയൊരു ആശ്വാസമായിരുന്ന നികുതി വകുപ്പിന്റെ കീഴിലുണ്ടായിരുന്ന പദ്ധതി ആരോഗ്യവകുപ്പിലേക്ക് മാറ്റുന്നതിനെതിരേയും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥതലത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തെങ്കിലും സര്‍ക്കാര്‍ ഉത്തരവിറങ്ങാത്തതിനാല്‍ പലര്‍ക്കും മെയ് മുതല്‍ ചികിത്സയ്ക്ക് പണം മുടക്കേണ്ടിവന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് വന്നപ്പോഴാകട്ടെ അത് ചില രോഗങ്ങള്‍ക്ക് മാത്രം ചികിത്സ നിര്‍ദേശിക്കുന്നതുമായി.
കാരുണ്യ പദ്ധതിയില്‍ നിന്നുള്ള ചികിത്സ അവസാനിപ്പിച്ചതായി പല സ്വകാര്യ ആശുപത്രികളും രോഗികളെ നേരത്തെതന്നെ അറിയിക്കാന്‍ തുടങ്ങിയിരുന്നു. പദ്ധതിപ്രകാരം രണ്ടായിരത്തിലധികംപേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സര്‍ക്കാര്‍ ആശുപത്രികളിലാകട്ടെ മുപ്പതിനായിരത്തിലധികം രോഗികളും ചികിത്സ തേടുന്നുണ്ട്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചത്. ആയിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇടതുമുന്നണി അധികാരത്തില്‍ വന്നതുമുതല്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനത്തില്‍ നിരവധി തടസവാദങ്ങളായിരുന്നു ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ചുകൊണ്ടിരുന്നത്. ഒരുഘട്ടത്തില്‍ കാരുണ്യ ചികിത്സാ പദ്ധതി അവസാനിക്കുകയാണെന്ന പ്രതീതി വരെ പൊതുസമൂഹത്തിലുണ്ടായി. പാവപ്പെട്ട ജനങ്ങള്‍ക്ക് കാരുണ്യത്തിന്റെ വഴിയാണ് ഈ ചികിത്സാപദ്ധതി. അത് ഒരിക്കലും അടയ്ക്കരുത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് നിര്‍ധനരായ രോഗികളുടെ ചികിത്സ തടയുമ്പോള്‍ കുടുംബത്തിന്റെ വേരുകളാണ് പറിച്ചെറിയപ്പെടുന്നത്. സെപ്റ്റംബറിന് ശേഷം കാരുണ്യപദ്ധതി നികുതി വകുപ്പില്‍നിന്ന് മാറി ആരോഗ്യവകുപ്പിലേക്ക് മാറുമ്പോള്‍ ഇപ്പോള്‍ ചികിത്സ കിട്ടാതെപോയവര്‍ക്ക് വീണ്ടും ചികിത്സ നിഷേധിക്കുമോയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. മടങ്ങേണ്ടിവന്നവര്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് ചികിത്സ ലഭ്യമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."