തദ്ദേശ സ്ഥാപനങ്ങളിലെ കുടിവെളള പദ്ധതികളില്‍ ക്രമക്കേടെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്
കൊണ്ടോട്ടി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളില്‍ വ്യാപക ക്രമക്കേടെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെ മുന്‍വര്‍ഷത്തെ കുടിവെള്ള പദ്ധതികളുടെ ഫയലുകളില്‍ സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സംഘം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മതിയായ രേഖകളില്ലാതെ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയതുവഴി വ്യാപക അഴിമതിയും നടന്നതായി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണെങ്കില്‍ ഭൂമി തദ്ദേശ സ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കിയവ ഏറെയാണ്. സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന ഭൂമി റവന്യൂ വകുപ്പ് മുഖേന റീല്വിങ്കിഷ് ചെയ്താണ് കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ടത്.ഭൂവുടമയെകൊണ്ട് വില്ലേജ് ഓഫീസര്‍ ഒപ്പിടിപ്പിച്ചാണ് രേഖകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ മുന്‍കാലങ്ങളിലുള്ള ഇത്തരം രേഖകള്‍ പല തദ്ദേശ സ്ഥാപനങ്ങളിലും സൂക്ഷിച്ചതായി കണ്ടെത്താനായിട്ടില്ല. ഇതോടെ ഉടമ കുടിവെള്ള പദ്ധതിയുടെ കിണറുള്‍പ്പെടുന്ന ഭൂമിക്ക് അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ച് ഭൂമി കൈവശപ്പെടുത്തുകയാണ്.
റവന്യൂ വകുപ്പ് നല്‍കിയ റീല്വിങ്കിഷ് ചെയ്ത രേഖ ഹാജരാക്കാന്‍ കഴിയാതെ, ഉടമക്ക് ഭൂമി തിരിച്ചുനല്‍കേണ്ട ഗതികേടിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. പൊതുകുടിവെള്ളപദ്ധതി, ഭൂമിയുടെ പേരില്‍ സ്വകാര്യ വ്യക്തി സ്വന്തമാക്കുന്നതോടെ ഗുണഭോക്താക്കള്‍ക്ക് വെള്ളവും ലഭിക്കുന്നില്ല. ഇത് തര്‍ക്കങ്ങള്‍ക്കും വഴിവെക്കുന്നു.അഴിമതി ആരോപണങ്ങളുടെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പിന് കര്‍ശന നിര്‍ദേശങ്ങളാണ് പുറപ്പടുവിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തി നല്‍കുന്ന ഭൂമി റീ-ല്വിങ്കിഷിന് പകരം പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം.
ഭൂമിയുടെ രേഖകള്‍ക്ക് പുറമെ കിണര്‍ നിര്‍മാണത്തില്‍ കൃത്യമായ കണക്കുകളും ഫയല്‍ ചെയ്ത് സൂക്ഷിക്കണം. പദ്ധതികളുടെ രൂപീകരണം,നിര്‍വഹണം, ധനവിനിയോഗം, മോണിറ്ററിങ് തുടങ്ങിയവ ജനോപകാരവും കാര്യക്ഷമവുമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."