സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
കോട്ടയം: പൊലിസ് ചോദ്യംചെയ്ത് വിട്ടയച്ചശേഷം ആത്മഹത്യചെയ്ത സുനില്‍കുമാറിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സുനിലിന്റെ ശരീരത്തില്‍ ഒടിവോ ചതവോ ഏറ്റിട്ടില്ലെന്നാണ് ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജിയോ ടി മനോജിന്റെയും ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെയും സാന്നിധ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായത്. ഇന്‍ക്വസ്റ്റില്‍ ശരീരത്തില്‍ എവിടെയും മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്താനായില്ല. എന്നാല്‍, ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടോ എന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.
അതിനിടെ, ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളും ബന്ധുക്കളും കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക് മുന്നില്‍ പ്രതിഷേധിച്ചു. ഇത് മൂലം ചെറിയതോതില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവച്ചു.
കോട്ടയം ആര്‍.ഡി.ഒ സ്ഥലത്തില്ലാത്തതിനാല്‍ പാലാ ആര്‍.ഡി.ഒയെ വിളിച്ചുവരുത്തിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്.
ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി പ്രകാശന്‍ ടി പടന്നയിലിനാണ് അന്വേഷണച്ചുമതല. സംഭവം വിവാദമായതോടെ ചങ്ങനാശ്ശേരി എസ്.ഐ ഷെമീര്‍ഖാനെ സ്ഥലംമാറ്റിയിരുന്നു. ചങ്ങനാശ്ശേരി സ്‌റ്റേഷനിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."