വിഴിഞ്ഞം കരാര്‍: സി.എ.ജിക്ക് വീഴ്ചയെന്ന് അന്വേഷണ കമ്മിഷന്
കൊച്ചി: വിഴിഞ്ഞം തുറമുഖനിര്‍മാണ കരാര്‍ സി.എ.ജി വിലയിരുത്തിയത് മുന്‍വിധിയോടെയാണെന്ന് അന്വേഷണ കമ്മിഷന്. കരാറിനെ അപലപിക്കണം എന്ന മുന്‍വിധിയോടെയായിരുന്നു സി.എ.ജിയുടെ സമീപനമെന്ന് സംശയിക്കേണ്ടതരത്തിലാണ് റിപ്പോര്‍ട്ട്. പദ്ധതിക്കെതിരേ ലേഖനമെഴുതിയ വ്യക്തിയെ വിദഗ്ധന്‍ എന്ന രീതിയിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. വസ്തുതാപരമായ ഏറെ പിഴവുകളും റിപ്പോര്‍ട്ടിലുണ്ടെന്നും കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍ നിരീക്ഷിച്ചു.
ചിലര്‍ എഴുതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്കിയ ക്ലറിക്കല്‍ ജോലിമാത്രമാണ് സി.എ.ജി ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കമ്മിഷന് പറഞ്ഞു. വിഴിഞ്ഞം കരാറിനെ കുറിച്ച് ആലോചിക്കുന്നതിനായി രഹസ്യയോഗം ചേര്‍ന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന് കമ്മിഷനെ അറിയിച്ചു. കോണ്‍ഗ്രസ് എം.പിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഉമ്മന്‍ചാണ്ടി, കെ. ബാബു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നതായും അഭിഭാഷകന് വ്യക്തമാക്കി.
അതേസമയം, വി.എം സുധീരനെ തെളിവെടുപ്പിനായി കമ്മിഷന് മുമ്പാകെ വിളിച്ചുവരുത്തണമെന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെ ആവശ്യം കമ്മിഷന് തള്ളി. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറില്‍ ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചതെന്ന് സുധീരന് പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വി.എം സുധീരനെ വിളിച്ചുവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കമ്മിഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."