പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫിസിനകത്ത് വെട്ടിക്കൊന്നു
വിട്ട്ള(കര്‍ണ്ണാടക): പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫിസിനകത്തുവച്ച് വെട്ടിക്കൊന്നു. ബണ്ട്വാള്‍ താലൂക്കിലെ വിട്ട്ള കറവപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുവപ്പാടിയിലെ അബ്ദില്‍ ജലീല്‍ (33) ആണ് കൊല്ലപ്പെട്ടത്.
മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് അബ്ദുല്‍ ജലീലിനെ ഓഫിസിനകത്ത് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പഞ്ചായത്ത് ഓഫിസിനകത്ത് ഇരിക്കുകയായിരുന്ന അബ്ദുല്‍ ജലീലിനെ ഇന്നലെ രാവിലെ 11.30 ഓടെയാണ് അക്രമികള്‍ വെട്ടിക്കൊന്നത്.
രണ്ടു ബൈക്കുകളിലായി മുഖംമൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫിസിലേക്കു ഇരച്ചു കയറി അബ്ദുല്‍ ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫിസ് മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത് ഓഫിസിലുണ്ടായിരുന്നവര്‍ മംഗളൂരുവിലെ ദേര്‍ലക്കട്ട ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.
കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന് ഹാജിയുടെ മകനാണ് മലയാളി കൂടിയായ അബ്ദുല്‍ ജലീല്‍. ഇയാളും കോണ്‍ഗ്രസ് നേതാവാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിട്ട്ള പൊലിസ് കൊലയാളികള്‍ക്ക് വേണ്ടി ഊര്‍ജിത അന്വേഷണം നടത്തി വരുകയാണ്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശത്താണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."