മാഹി ബൈപാസ് സ്ഥലമെടുപ്പ് തുടങ്ങി
വടകര: നിര്‍ദിഷ്ട തലശ്ശേരി മാഹി അഴിയൂര്‍ ബൈപാസില്‍ കൂടുതല്‍ സ്ഥലമേറ്റെടുക്കാനുള്ള നടപടി റവന്യു വകുപ്പ് ഊര്‍ജിതമാക്കി. ദേശീയപാതയില്‍ എരിക്കിന്‍ചാല്‍ റോഡ് തുടങ്ങുന്ന സ്ഥലം വരെ ഇരുഭാഗത്തും പുതുതായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയയാണ് നടന്നുവരുന്നത്.
നിലവില്‍ മുഴുപ്പിലങ്ങാട് നിന്ന് തുടങ്ങി അഴിയൂര്‍ എക്‌സ്‌സൈസ് ചെക്ക്‌പോസ്റ്റിനു സമീപം സമാപിക്കുന്ന വിധത്തിലാണ് ബൈപാസിന്റെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഭാഗമായി അഴിയൂര്‍ കക്കടവ് മുതല്‍ അഴിയൂര്‍ എക്‌സ്‌സൈസ് ചെക്ക്‌പോസ്റ്റ് വരെ ബൈപാസ് കടന്നുപോകുന്ന വഴി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി നഷ്ടപരിഹാരത്തുക വിതരണവും തുടങ്ങിയിരുന്നു.
മുഴുപ്പിലങ്ങാട് ഭാഗത്ത് ബൈപാസിന്റെ നിര്‍മാണ പ്രവൃത്തി നടന്നുവരികയാണ്.
അതിനിടയിലാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ അഴിയൂര്‍ എരിക്കിന്‍ചാല്‍ റോഡ് തുടങ്ങുന്ന സ്ഥലം വരെ റവന്യു സംഘം സ്ഥലം പരിശോധന, കെട്ടിടങ്ങളുടെ വില നിര്‍ണയം, മരങ്ങളുടെ കണക്കെടുപ്പ് എന്നിവ നടത്തിയത്. അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റ് മുതലുള്ള സ്ഥലങ്ങള്‍, അഴിയൂര്‍ മുതല്‍ വെങ്ങളം വരെ ദേശീയപാത നാലുവരിയായി വികസിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ 2011ല്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പെടുത്തിയിരുന്നു. വിജ്ഞാനപനത്തില്‍ പറഞ്ഞ ഈ സ്ഥലങ്ങളാണ് ബൈപസിനായി കൂട്ടിച്ചേര്‍ക്കുന്നത്.
വീണ്ടും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത് സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കിടയില്‍ ഏറെ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. അഴിയൂര്‍ എക്‌സ് സൈസ് ചെക്ക് പോസ്റ്റ് വരെ ബൈപാസിനായി നേരെത്തെ സ്ഥലം നഷ്ടപ്പെട്ടവര്‍ക്കു ലഭിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഇതേ മാനദണ്ഡ പ്രകാരം നഷ്ടപരിഹാരം ഇതിനും ലഭിക്കുകയാണെങ്കില്‍ അത് തുച്ചമായിരിക്കുമെന്നാണ് ഇവരുടെ ആശങ്ക.
തലശ്ശേരി മാഹി ബൈപാസില്‍ കുഞ്ഞിപ്പള്ളി ഭാഗത്ത് ടോള്‍ ബൂത്ത് സ്ഥാപിക്കുമെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ടോള്‍ ബൂത്തിനായി തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ 75 മീറ്റര്‍ വീതിയലധികം സ്ഥലം അക്വയര്‍ ചെയ്തിരുന്നു. ഇതേ മാതൃകയിലുള്ള നടപടികള്‍ ഇവിടെയും ഉണ്ടാകുമോ എന്നു നിലവില്‍ ആശങ്കയുണ്ട്. കുഞ്ഞിപ്പള്ളി ടൗണ്‍ പരിസരത്തെ ടോള്‍പ്ലാസ മാറ്റാനും അണിയറയില്‍ ചരടുവലി തുടങ്ങിയതായി സൂചനയുണ്ട്. ദേശീയപാത അതോറിറ്റി ഒളിച്ചുകളി അവസാനിപ്പിച്ച് റോഡിന്റെ ഘടന പരസ്യപ്പെടുത്തണമെന്ന് കര്‍മസമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഓരോ പ്രദേശത്തും റോഡ് വികസനത്തിന് എത്ര മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടോ എന്ന് വെളിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ പി.കെ നാണു അധ്യക്ഷനായി. പ്രദീപ് ചോമ്പാല, എ.ടി മഹേഷ്, പി. രാഘവന്‍, മൊയ്തു അഴിയൂര്‍, പി. ബാബുരാജ്, കെ. അന്‍വര്‍ ഹാജി, കെ. കുഞ്ഞിരാമന്‍, പി. കുഞ്ഞിരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."