ജനകീയ ഡ്രസ് ബാങ്കിന്റെ ഫ്രീ-ഷോപ്പിങ് സെന്റര്‍ 23ന് കലവൂരില്‍ ആരംഭിക്കും
മണ്ണഞ്ചേരി: ഉപയോഗിക്കാത്തതോ ചേരാത്തതോ കൂടുതല്‍ പഴകാത്തതോ ആയ വസ്ത്രങ്ങള്‍ ശേഖരിച്ച് നിരാലംബര്‍ക്കും അശരണര്‍ക്കും നല്‍കുന്ന ജനകീയ ഡ്രസ് ബാങ്കിന്റെ ഫ്രീ-ഷോപ്പിങ് സെന്റര്‍ 23ന് കലവൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒരാഴ്ച പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നിന്ന് ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍ സൗജന്യമായി എടുക്കാം. കൂടാതെ പുതുമയാര്‍ന്നതും അലക്കി തേച്ചതും പുതിയതുമായ വസ്ത്രങ്ങള്‍ സെന്ററില്‍ സ്വീകരിക്കുകയും ചെയ്യും. സി.പി.എം മണ്ണഞ്ചേരി ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ രൂപീകരിച്ച പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റാണ് പുതിയ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. ഷര്‍ട്ട്, മുണ്ട്, സാരി, ചുരിദാര്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവ പൊതുജനങ്ങളില്‍ നിന്നും 27 വരെ സ്വീകരിക്കും. കഴുകി വൃത്തിയാക്കി തേച്ച് കവറുകളിലാക്കിയാണ് വസ്ത്രങ്ങള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നത്. മണ്ണഞ്ചേരിയില്‍ ഇത്തരത്തില്‍ തുടങ്ങിയ ഈ മാതൃക സംരംഭത്തിന് മറ്റു ജില്ലകളില്‍ നിന്നുള്ള സംഘടനകളുടെ പിന്തുണയും ലഭിക്കുന്നു. വീടുകളില്‍ നിന്ന് കൂടാതെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരും വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."