സംസ്ഥാനത്ത് ഇന്നലെ പത്രിക സമര്‍പ്പിച്ചത് 29 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്നലെ 29 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 52 ആയി.
തിരുവനന്തപുരത്ത് മൂന്നും ആറ്റിങ്ങല്‍, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ഒന്ന് വീതവും പത്തനംതിട്ട, ആലത്തൂര്‍, വയനാട്, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ രണ്ടുവീതവും ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളില്‍ നാലും പത്രികകളാണ് ഇന്നലെ സമര്‍പ്പിച്ചത്.
തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ കലക്ടറേറ്റിലെത്തി മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. വാസുകിക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
ആറ്റിങ്ങലിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. സമ്പത്തും പത്രിക നല്‍കി. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികളായ ഷാനിമോള്‍ ഉസ്മാനും (യു.ഡി.എഫ്) എ.എം ആരിഫും (എല്‍.ഡി.എഫ്) നാമനിര്‍ദേശ പത്രിക നല്‍കി. എസ്.യു.സി.ഐ സ്ഥാനാര്‍ഥി പാര്‍ഥസാരഥി വര്‍മയും പത്രിക നല്‍കി. പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനും ഇന്നലെ പത്രിക നല്‍കി.
എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവും ചാലക്കുടിയിലെ സ്ഥാനാര്‍ഥി ഇന്നസെന്റും എറണാകുളം ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ.സഫിറുല്ലക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവും പത്രിക നല്‍കി. പൊന്നാനിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി.പി നൗഷാദും പത്രിക നല്‍കി.
കോട്ടയത്ത് എസ്.യു.സി.ഐ സ്ഥാനാര്‍ഥി ഇ.വി പ്രകാശ് പത്രിക സമര്‍പ്പിച്ചു. തൃശൂരില്‍ സ്വതന്ത്രനായി സോനു പത്രിക സമര്‍പ്പിച്ചു.
കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനും പത്രികകള്‍ നല്‍കി. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു മുന്‍പാകെയാണ് മൂന്നുപേരും പത്രികകള്‍ നല്‍കിയത്. രാഘവന്റെ ഡമ്മിയായി യു.വി ദിനേശ് മണിയും പി. ജയരാജന്റെ ഡമ്മിയായി കെ.കെ ലതികയും പത്രിക നല്‍കി. നാലു സെറ്റ് പത്രികകളാണ് രാഘവന്‍ നല്‍കിയത്. രണ്ട് സെറ്റ് പത്രികകളാണ് പ്രദീപ്കുമാറിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടത്.
വയനാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍ ജില്ലാ വരണാധികാരിയായ കലക്ടര്‍ എ. അജയകുമാര്‍ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്രനായി ഷിജോ. എം. വര്‍ഗീസും പത്രിക നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയും പത്രിക നല്‍കി. ഡമ്മിയായി കെ.പി സഹദേവനും പത്രിക നല്‍കി. കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനും പത്രിക നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."