കോവിഡ് കാലത്തും ഇന്ത്യന്‍സ്കൂളുകളില്‍ ഫീസിളവില്ല! ബഹ്റൈനില്‍ പ്രവാസി രക്ഷിതാക്കള്‍ക്ക് പ്രതിഷേധം
മനാമ: കോവിഡിനെ തുടര്‍ന്നുള്ള ദുരിത സാഹചര്യം ആയിരുന്നിട്ടും ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസിളവ് നല്‍കുന്നില്ലെന്ന് ആക്ഷേപം.
സംഭവത്തില്‍ സ്കൂൾ മാനേജ്മെൻറുകൾക്കെതിരെ പ്രവാസി രക്ഷിതാക്കള്‍ രംഗത്തെത്തി. ഇതോടെ ബഹ്റൈനിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായി.
ബഹ്റൈനില്‍ മൂന്നുമാസത്തെ വൈദ്യുതി, മുനിസിപ്പൽ ബില്ലുകൾ സർക്കാർ സൗജന്യമാക്കിയിട്ടും പല സ്വകാര്യ സ്കൂളുകളും രക്ഷിതാക്കളോട് കരുണ കാണിക്കുന്നില്ലെന്നാണ് രക്ഷിതാക്കളായ പ്രവാസികള്‍ പരാതിപ്പെടുന്നത്.
നിലവില്‍ ഓൺലൈൻ ക്ലാസുകൾ നടക്കുന്നതുമൂലം രക്ഷിതാക്കൾക്കുണ്ടാകുന്ന അധികചെലവുകൾ പരിഗണിക്കാതെയാണ് സ്കൂളുകൾ നിഷേധ നിലപാട് തുടരുന്നതെന്നും ആക്ഷേപമുണ്ട്.
ഓൺലൈൻ ക്ലാസിനായി ഇൻറർനെറ്റിനും ലാപ്ടോപ്, ടാബ്ലറ്റ് തുടങ്ങിയവക്കുമായി രക്ഷിതാക്കൾക്ക് അധിക തുക മുടക്കേണ്ടിവരുന്നുണ്ട്. ഇതിനിടയിലും ചില സ്കൂളുകൾ കമ്പ്യൂട്ടർ ഫീസ് എന്നപേരിലും രക്ഷിതാക്കൾ ഫീസ് ഈടാക്കുന്നുണ്ട്. സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും ഫലമുണ്ടായില്ല. സ്കൂൾ ഫീസ് അടക്കാത്ത കുട്ടികളെ ഓൺലൈൻ ക്ലാസിൽനിന്ന് പുറത്താക്കിയ സംഭവങ്ങളും നടന്നതായി ആക്ഷേപമുണ്ട്.
കോവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടവരും ശന്പളം ലഭിക്കാത്തവരും സാലറി പകുതിയാക്കപ്പെട്ടവരുമായ പ്രവാസി രക്ഷിതാക്കള്‍ നിരവധിയാണ്. പ്രവാസികളായ സ്കൂള്‍ മാനേജ്മെന്‍റിലുള്ളവര്‍ക്കും ഇതറിയാം.
ഈ സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും മക്കളുടെ ഭാവി ആലോചിച്ചാണ് ഇല്ലാത്ത കാശ് മുടക്കി വീട്ടില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളുള്‍പ്പെടെയുള്ളവ ഒരുക്കുന്നത്. എന്നിട്ടും സ്കൂളിലെ ട്യൂഷൻ ഫീസിൽ കുറവു വരുത്താൻ മാനേജ്മെന്‍റ് തയാറാകുന്നില്ലെന്ന് ഒരു രക്ഷിതാവ് ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
നിരന്തരം ആവശ്യപ്പെട്ടിട്ടും പരമാവധി ട്രാൻസ്പോർട്ട് ഫീസ് ഒഴിവാക്കാമെന്നതൊഴിച്ചാൽ മറ്റ് ഇളവുകൾക്കൊന്നും സ്കൂളധികൃതര്‍ തയാറാവുന്നില്ലെന്നും രക്ഷിതാക്കള്‍ പരാതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."