ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടു
കോഴിക്കോട്: മിനി ബൈപ്പാസില്‍ പുതിയറയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. സബ്ജയില്‍ വളപ്പിലെ കൂറ്റന്‍ മാവാണ് കടപുഴകി വീണത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടു.
സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോയ്ക്കും കേടുപാട് സംഭവിച്ചു. ജയിലിന്റെ മതില് നിര്‍മാണത്തിനായി മാവിന്റെ വേരടക്കം മാന്തി മണ്ണെടുത്തതാണ് അപകടകാരണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ ഡോക്ടറെ കണ്ടു മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശി ശശിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. ഉച്ച സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
ഏറെ നേരം ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് പൊലിസെത്തി വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു. ബീച്ച് സ്റ്റേഷനില്‍ നിന്നു സ്റ്റേഷന് ഓഫിസര്‍ വി.കെ ബിജു, ലീഡിങ് ഫയര്മാന് ടി.വി പൗലോസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മരം മുറിച്ചുമാറ്റിയത്. ചുമട്ടുതൊഴിലാളികളും നാട്ടുകാരും സഹായവുമായെത്തിയിരുന്നു. വൈദ്യുതി, കേബിള്‍ ടിവി ലൈനുകള്‍ അറ്റുപോയതിനാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈകിട്ടോടെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."