സ്വകാര്യപണമിടപാടു കമ്പനി പരപ്പയില്‍ നിന്ന് തട്ടിയത് ഒരു കോടി; ശാഖ പൂട്ടി ഉടമകള്‍ മുങ്ങി
സിഗ്‌സിന്റെ വിവിധ ശാഖകളിലായി 250ലധികം ഏജന്റുമാര്‍ ജോലി ചെയ്യുന്നുണ്ട്
നീലേശ്വരം: കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമായ സിഗ്‌സ് പരപ്പയില്‍ നിന്ന് തട്ടിയെടുത്തത് ഒരു കോടിയെന്ന് കണക്കുകള്‍ പുറത്തു വന്നു.
ഏജന്റുമാര്‍ കേസ് കൊടുത്തതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ടൗണിലെ ശാഖയും പൂട്ടി ഉടമകളായ രാജീവ് മേലത്ത്, വൃന്ദ എന്നിവര്‍ മുങ്ങി. പരപ്പ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ കലക്ഷന്‍ എജന്റ് കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിനി ഉമാവതിയുടെ പരാതിയില്‍ പ്രസ്തുത കമ്പനി ഡയരക്ടര്‍മാരായ കോട്ടയം സ്വദേശികളായ രാജീവ് മേലത്ത്, വൃന്ദ, തളിപ്പറമ്പ് സ്വദേശികളായ കമലാക്ഷന്‍, സുരേഷ് ബാബു, പരവനടുക്കം സ്വദേശി കുഞ്ഞിച്ചന്തു എന്നിവര്‍ക്കെതിരേയാണ് ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തിട്ടുള്ളത്.
കുഞ്ഞിച്ചന്തുവിനെതിരേ നീലേശ്വരം പുതുക്കൈ സ്വദേശി പവിത്രന്‍ നമ്പ്യാരില്‍ നിന്ന് ഒന്നര ലക്ഷം രൂപ ഡപ്പോസിറ്റായി വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ നീലേശ്വരം പൊലിസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിച്ചന്തുവും സുരേഷ് ബാബുവും സമാനമായ മറ്റൊരു വഞ്ചനാകേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണെന്നും വിവരമുണ്ട്. പ്രസ്തുത സ്ഥാപനത്തിനു കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശാഖകളുണ്ടെന്നാണ് വിവരം.
സിഗ്‌സിന്റെ വിവിധ ശാഖകളിലായി 250ലധികം ഏജന്റുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍നിന്നു രണ്ടു ലക്ഷം വരെ നിക്ഷേപം സ്വീകരിച്ചാണ് നിയമനം നല്‍കിയിട്ടുള്ളത്. സ്ഥാപനം മുന്നറിയിപ്പില്ലാതെ താഴിട്ട് ഉടമകള്‍ മുങ്ങിയതോടെ നിക്ഷേപകര്‍ക്കൊപ്പം സ്ഥാപനത്തിലെ ജീവനക്കാരും ത്രിശങ്കുവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."