ബാവിക്കര ജലസംഭരണി വറ്റുന്നു
ബോവിക്കാനം: കാസര്‍കോട് നഗരത്തെ ആശങ്കയിലാക്കി ജല അതോറിറ്റിയുടെ ബാവിക്കര പയസ്വിനിപുഴയിലെ ജലസംഭരണിയില്‍ ജലനിരപ്പ് താഴുന്നു. വെള്ളം ക്രമാതീതമായി താഴ്ന്നതോടെ രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ച് നടത്തിയിരുന്ന പമ്പിങ് ഒരു മോട്ടോറില്‍നിന്ന് മാത്രമാക്കി ചുരുക്കി. പുഴയില്‍നിന്ന് പമ്പിങ് സ്റ്റേഷനിലേക്കുള്ള ചാനലില്‍ 15 സെ.മീറ്റര്‍ വെള്ളം മാത്രമാണുള്ളത്. ജലസംഭരണിയിലെ വെള്ളം ഇത്രയധികം വറ്റുന്നത് ആദ്യമായിട്ടാണ്.
പാണ്ടിക്കണ്ടത്തെ തടയണയില്‍ സംഭരിച്ചിരുന്ന വെള്ളം രണ്ടുതവണ ബാവിക്കര ജലസംഭരണിയിലേക്ക് തുറന്നുവിട്ടിരുന്നു. പുഴയിലെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചതിനാല്‍ ഇവിടുത്തെ ജലശേഖരവും കുറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ക്കൂടി തുറന്നുവിടാനുള്ള വെള്ളം കിട്ടുമോ എന്നും സംശയമാണ്.
കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും വിതരണം ചെയ്യാന്‍ 70 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് ആവശ്യമായി വരുന്നത്. രണ്ട് മോട്ടോര്‍ ഉപയോഗിച്ച് 24 മണിക്കൂറും പമ്പിങ് നടത്തിയാണ് ഈ വെള്ളം എടുത്തിരുന്നത്. പമ്പിങ് ഒരു മോട്ടോറിലായി വെട്ടിക്കുറച്ചതോടെ ഒരുദിവസം സംഭരിക്കുന്ന വെള്ളവും പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഇതുകാരണം കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും പൈപ്പ് ലൈന്‍ വഴിയുള്ള ജലവിതരണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."