സാമൂഹിക അകലം പാലിക്കല്‍: കര്‍ശനമായി നടപ്പാക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പട്രോളിങ് വാഹനങ്ങള്‍ വീതം ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി പൊതുജനങ്ങളെ ബോധവല്‍കരിക്കും. പട്രോളിങ് വാഹനങ്ങളില്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.
തിരുവനന്തപുരം സിറ്റിയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലിസ് പരിശോധന കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്കും ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ക്കും പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."