കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല
കേസില്‍ മാതാവും പ്രതിയായേക്കും
കൊച്ചി/തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ ഏഴുവയസുകാരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വിദഗ്ധരായ മെഡിക്കല്‍ സംഘം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കുട്ടിയുടെ നില അതീവഗുരുതരമാണെന്നു മുഖ്യമന്ത്രി സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. യന്ത്രസഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മരുന്നുകളോട് കുട്ടി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അവസ്ഥ നിരാശാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കുട്ടിയുടെ മാതാവ് കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരം അത്തരം കുറ്റങ്ങള്‍ അറിഞ്ഞാല്‍ മറച്ചുവയ്ക്കുന്നതും കുറ്റകരമാണ്.എന്നാല്‍ മാസങ്ങളായി ബന്ധുവും സുഹൃത്തുമായ പ്രതി കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ മറച്ചുവയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ പ്രതിചേര്‍ക്കാന്‍ പൊലിസ് ആലോചിക്കുന്നത്.
കേസിലെ പ്രതി തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കി. യുവതിയുടെ ഭര്‍ത്താവ് ബിജു മരിച്ച സംഭവത്തിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടികളുടെ പേരില്‍ ബിജുവിന്റെ സുഹൃത്തുക്കള്‍ നിക്ഷേപിച്ച പണം പിന്‍വലിച്ചത് സംബന്ധിച്ചും അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."