50 ലക്ഷം രൂപയുടെ 'കൊതുകുവളര്‍ത്തു കേന്ദ്രം'
തളിപ്പറമ്പ്: അധികൃതരുടെ അനാസ്ഥയില്‍ കൊതുകുവളര്‍ത്തു കേന്ദ്രമായി പരിയാരം മെഡിക്കല്‍ കോളജ് കാംപസിലെ മഴവെള്ള സംഭരണി. മെഡിക്കല്‍ കോളജിലെ കുടിവെളള ക്ഷാമത്തിന് പരിഹാരമാകുമായിരുന്ന പദ്ധതി ഇപ്പോള്‍ ബാധ്യതയായി മാറി. എം.വി രാഘവന്‍ പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാനായിരുന്ന കാലത്ത് സഹകരണ ശതാബ്ദി വര്‍ഷത്തിന്റെ സ്മാരകമായി ജില്ലാ സഹകരണബാങ്കിന്റെ സഹായത്തോടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് മഴവെള്ള സംഭരണി നിര്‍മിച്ചത്. മെഡിക്കല്‍ കോളജിന്റെയും ആശുപത്രിയുടേയും ആവശ്യങ്ങള്‍ക്കുവേണ്ട ശുദ്ധജലമായിരുന്നു ലക്ഷ്യം.
ദേശീയപാതയ്ക്ക് അഭിമുഖമായ സ്ഥലത്ത് ഒരേക്കറോളം സ്ഥലത്താണ് ഒരുകോടി ലിറ്റര്‍ മഴവെള്ളം സംഭരിക്കാവുന്ന ജില്ലയിലെ ഏറ്റവും വലിയ സംഭരണി എന്ന നിലയില്‍ ഇതു നിര്‍മിച്ചത്. സമീപത്ത് തന്നെ രണ്ട് കിണറുകളും നിര്‍മിച്ചിരുന്നു. മെഡിക്കല്‍ കോളജിന്റെ എല്ലാ കെട്ടിടങ്ങളില്‍നിന്നും പൈപ്പ് വഴി വെള്ളം സംഭരണിയിലേക്ക് ഒഴുക്കി. എന്നാല്‍ തുടക്കത്തില്‍ തന്നെ സംഭരണിയുടെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം പൊട്ടിപ്പിളര്‍ന്ന് വെള്ളം മുഴുവന്‍ ഭൂമിയില്‍ താഴ്ന്നു. ഈ ഭാഗത്ത് ഭൂമിക്കടിയിലൂടെയുള്ള വെള്ളമൊഴുക്ക് കണ്ടെത്താന്‍ കഴിയാത്തതാണ് ഇതിനു കാരണമായത്.
തുടര്‍നടപടി എന്ന നിലയില്‍ പന്ത്രണ്ട് ലക്ഷത്തോളം രൂപ ചെലവില്‍ മഴവെള്ള സംഭരണി മുഴുവനായി പോളിത്തീന്‍ കവര്‍ ഉപയോഗിച്ച് പൊതിഞ്ഞു. കുറേക്കാലം വെള്ളം സംഭരിക്കാന്‍ കഴിഞ്ഞെങ്കിലും വൈകാതെ ചോര്‍ച്ച തുടര്‍ന്നു വെള്ളം കെട്ടിനിര്‍ത്താന്‍ സാധിക്കാത്ത നിലയിലായി.
നിരന്തരം പ്രശ്‌നങ്ങള്‍ വന്നതോടെ കോളജിന്റെ എന്‍ജിനിയറിങ് വിഭാഗം പല സാങ്കേതികപ്രശ്‌നങ്ങളും പറഞ്ഞ് ജലസംഭരണി നന്നാക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി. അതോടെ ഒരു നാടിനുമുഴുവന്‍ ഗുണകരമാകുമായിരുന്ന വന്‍ പദ്ധതി അകാലചരമമടഞ്ഞു.
മഴക്കാലത്ത് സംഭരണി നിറയുന്നുണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. കാടു മൂടിക്കിടക്കുന്ന സംഭരണി മെഡിക്കല്‍ കോളജിനും പരിസരവാസികള്‍ക്കും ബാധ്യതയായി മാറിയിരിക്കുകയാണ്.
സംഭരണിയുടെ ചില ഭാഗങ്ങളിലായി കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ വളരുന്നുമുണ്ട്. മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള ഇടമായി ഈ സംഭരണി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."