ഇന്ത്യ-ചൈന പ്രശ്‌നപരിഹാരത്തിന് തയാറെന്ന ട്രംപിന്റെ വാഗ്ദാനം പുറത്തുനിന്നുള്ള സഹായം ആവശ്യമില്ലെന്ന് റഷ്യ
മോസ്‌കോ: ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്കും ചൈനക്കും പുറത്തുനിന്നുള്ള സഹായം ആവശ്യമില്ലെന്ന് റഷ്യ. മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത വെര്‍ച്വല്‍ മീറ്റിങ്ങിലാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-ചൈന സേനകള്‍ തമ്മില്‍ ലഡാക്കിലെ ഗാവ്‌ലാനില്‍ സംഘര്‍ഷമുണ്ടാവുകയും ഇരുപക്ഷത്തും ആള്‍നാശമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു.
അതേസമയം ഇരു രാജ്യങ്ങളും സമാധാനപരമായി പ്രശ്‌നം പരിഹരിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിരോധ ഉദ്യോഗസ്ഥ തലത്തിലും വിദേശ മന്ത്രിമാര്‍ തമ്മിലും ചര്‍ച്ചകള്‍ നടക്കുന്നു. നയതന്ത്ര പരിഹാരമുണ്ടാവില്ലെന്ന് സൂചിപ്പിക്കുന്ന ഒരു പ്രസ്താവനയും ചൈനയോ ഇന്ത്യയോ നടത്തിയിട്ടുമില്ല- റഷ്യന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ-ചൈന-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന ഇന്ത്യ റഷ്യയുടെ അഭ്യര്‍ഥന മാനിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും സ്ഥിരതയുള്ള ലോകക്രമം ഉണ്ടാക്കുന്നതിനും തയാറാവണമെന്ന് ചൈനയുടെ പേരെടുത്തു പറയാതെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യോഗത്തില്‍ പറഞ്ഞു. അതേസമയം അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന സൈനികസാന്നിധ്യം വര്‍ധിപ്പിച്ചതായി പുതുതായി പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."