ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: വലിയതുറ കോസ്റ്റല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍ ഇല്ലെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യം അടിയന്തിരമായി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു.
തീരദേശ മേഖലയായ വള്ളക്കടവ്, പൂന്തുറ, മാണിക്യവിളാകം, പള്ളിത്തെരുവ്, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, വെട്ടുകാട് എന്നിവിടങ്ങളിലെ നിര്‍ധനര്‍ ചികിത്സക്ക് ആശ്രയിക്കുന്നത് വലിയതുറ ആശുപത്രിയെ ആണ്. തീരപ്രദേശത്തെ ക്യാംപുകളില്‍ കഴിയുന്നവരും വലിയതുറ ആശുപത്രിയിലാണ് ചികിത്സക്കെത്തുന്നത്. പനി, ഛര്‍ദില്‍, വയറിളക്കം തുടങ്ങിയ രോഗങ്ങളുമായി രാത്രിയില്‍ തീരദേശവാസികള്‍ ഓടിയെത്തുന്നത് വലിയതുറ ആശുപത്രിയിലാണ്.
എന്നാല്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ചികിത്സ ലഭിക്കാറില്ല. ഡോക്ടറില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. അവശനിലയിലെത്തുന്നവരോട് പോലും ഡോക്ടര്‍മാരില്ലാത്തതിനാല്‍ മറ്റാശുപത്രികളിലേക്ക് പോകാന്‍ നഴ്സുമാര്‍ നിര്‍ദേശിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഒരു ഡോക്ടര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നതാണ് പ്രശ്നമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. അക്കാരണത്താല്‍ മറ്റുള്ള ഡോക്ടര്‍മാരും ജോലിക്ക് വരാറില്ല. ആശുപത്രിക്ക് സമീപം താമസിക്കുന്ന ജൂനിയര്‍ ഡോക്ടര്‍ നൈറ്റ് ഡ്യൂട്ടിക്ക് വരാറില്ലെന്നും പരാതിയില്‍ പറയുന്നു. ഡോക്ടറില്ലാത്തതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."