പ്രവാസികളുടെ മടക്കം: ഉപാധികള്‍ ഇന്നു മുതല്‍ നിര്‍ബന്ധം
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉപാധികളെ കുറിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇന്നു മുതലാണ് ഇതു നിര്‍ബന്ധമാകുക. വിവിധ രാജ്യങ്ങളില്‍, അതതിടങ്ങളിലെ നിബന്ധനകള്‍ കൂടി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. യു.എ.ഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. ഇതിന്റെ ഉപാധികള്‍ നല്‍കേണ്ട ബാധ്യത വിമാനക്കമ്പനികള്‍ക്കാണ്. വിദേശത്ത് ടെസ്റ്റ് നടത്താത്തവര്‍ക്ക് നാട്ടില്‍ എത്തുന്ന വിമാനത്താവളത്തില്‍ ആന്റി ബോഡി പരിശോധന നടത്തും.
ഇന്നലെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങളിലുണ്ടായ ആശയകുഴപ്പം ഉത്തരവ് പുറത്തിറങ്ങിയതോടെ ഒഴിവായിട്ടുണ്ട്. എപ്പോള്‍ മുതലാണ് ഉപാധികള്‍ നടപ്പാക്കുക എന്നതിലായിരുന്നു പ്രധാന സംശയം. അതിനാണ് ഉത്തരവോടെ വ്യക്തത വന്നിരിക്കുന്നത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ഉപാധികള്‍ ഇന്നു മുതല്‍ തന്നെ നടപ്പാക്കണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പി.പി.ഇ കിറ്റ് നിര്‍ബന്ധമാണ്.
ഒമാനില്‍ നിന്നും ബഹ്റൈനില്‍ നിന്നും മടങ്ങുന്നവര്‍ക്ക് എന്‍95 മാസ്‌ക്, മുഖം മറയ്ക്കുന്നതിനുള്ള ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമാക്കി. ഖത്തറില്‍ നിന്ന് തിരികെ വരുന്നവര്‍ക്ക്, അവിടെയുള്ള ഏഹ്ത്രാസ് ആപ്പിലെ അനുമതി മതിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആരോഗ്യസേതു ആപ്പിന് സമാനമായതാണ് ഇത്. രോഗലക്ഷണം ഉള്ളവരെ തിരിച്ചറിയുന്നതിന് ഇതിലൂടെ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."