ഇടുക്കി താലൂക്ക് ജനസമ്പര്‍ക്ക പരിപാടി: 39.75 ലക്ഷത്തിന്റെ ധനസഹായത്തിന് ശുപാര്‍ശ
ചെറുതോണി: ഇടുക്കി താലൂക്ക് ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണനക്ക് എത്തിയ 2067 അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനുള്ള 757 അപേക്ഷകളില്‍ 39,75,500 രൂപ അനുവദിക്കുന്നതിന് ശുപാര്‍ശ നല്കി. വാഴത്തോപ്പ് ഐ.ഡി.സി.ബി ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.കെ ആര് പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ ജെ മോബി, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനസമ്പര്‍ക്ക പരിപാടിയുടെ പരിഗണനയ്ക്കായി നേരത്തെ ഓണ്‍ലൈനായി ലഭിച്ച 2067 പരാതികളില്‍ 1915 എണ്ണത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി അപേക്ഷകര്‍ക്ക് മറുപടി നല്‍കുന്നതിന് വിവിധ ഓഫീസുകള്‍ക്ക് കൈമാറി. ജനസമ്പര്‍ക്ക പരിപാടിയില്‍ ഇന്നലെ നേരിട്ട് ലഭിച്ച 117 അപേക്ഷകളില്‍ 39 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. ഇവയില്‍ അര്‍ഹമായ ധനസഹായം അനുവദിക്കുന്നതിന് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.
മറ്റു ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട 78 പരാതികള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിക്കപ്പെട്ട 20 പേര്‍ക്ക് 5,26,000 രൂപയ്ക്കുള്ള ചെക്കുകള്‍ വേദിയില്‍ വച്ച് വിതരണം ചെയ്തു. തഹസീല്‍ദാര്‍ സിറോഷ് പി. ജോണിന്റെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാരും ജില്ലാതല ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ഇതര വകുപ്പ് ജീവനക്കാരും ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കാളികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."