രാഹുലിന്റെ സ്ഥാനാര്‍ഥിത്വം: അതിര്‍ത്തി മണ്ഡലങ്ങളിലും ആവേശം
കല്‍പ്പറ്റ: എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേത്തിക്കു പുറമേ വയനാട്ടിലും ജനവിധി തേടുന്നത് അതിര്‍ത്തിമണ്ഡലങ്ങളിലും ആവേശത്തിനു കാരണമായി.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിരിടുന്ന ജില്ലയാണ് വയനാട്. 28 ലോക്‌സഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ മൈസൂരു, ചാമരാജ്‌നഗര്‍, മാണ്ഡ്യ മണ്ഡലങ്ങള്‍ വയനാടിനോടു ചേര്‍ന്നാണ്. എച്ച്.ഡി കോട്ട, നഞ്ചന്‍ഗോഡ്, വരുണ, ടി. നരസിപൂര്‍, ഹനൂര്‍, കൊല്ലേഗല്‍, ചാമരാജ്‌നഗര്‍, ഗുണ്ടല്‍പേട്ട നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് ചാമരാജ് നഗര്‍ ലോക്‌സഭാ മണ്ഡലം. മടിക്കേരി, വീരാജ്‌പേട്ട, പെരിയപട്ടണം, ഹുന്‍സൂര്‍, ചാമുണ്ഡേശ്വരി, കൃഷ്ണരാജ, ചാമരാജ, നരസിംഹരാജ നിയമസഭാ മണ്ഡലങ്ങളാണ് മൈസൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. മലാവലി, മദ്ദൂര്‍, മേലുകോട്ടെ, മാണ്ഡ്യ, ശ്രീരംഗപട്ടണം, നാഗമംഗള, കൃഷ്ണനഗരം എന്നീ നിയമസഭാമണ്ഡലങ്ങള്‍ മാണ്ഡ്യ മണ്ഡലത്തിന്റെ ഭാഗമാണ്.
തമിഴ്‌നാട്ടിലെ 39 ലോക്‌സഭാമണ്ഡലങ്ങളില്‍ നീലഗിരിയുമായാണ് വയനാടിനു സാമീപ്യം.
മേട്ടുപാളയം, അവിനാശി, ഭവാനിസാഗര്‍, കുന്നൂര്‍, ഊട്ടി, ഗൂഡല്ലൂര്‍ എന്നിവയാണ് നീലഗിരി ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍. സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫും കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫും കേരളത്തില്‍ പോരടിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ വ്യത്യസ്തമാണ് രാഷ്ട്രീയ കൂട്ടുകെട്ട്. അവിടെ ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസും സി.പി.എമ്മും സി.പി.ഐയും മുസ്‌ലിം ലീഗും. കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജനതാദള്‍(എസ്) സഖ്യമാണ് ബി.ജെ.പിയെ നേരിടുന്നത്.
കര്‍ണാടകയില്‍ ബി.ജെ.പിക്ക് 15ഉം കോണ്‍ഗ്രസിനു പത്തും ജനതാദള്‍ സെക്യുലറിനു രണ്ടും സിറ്റിങ് എം.പിമാരാണുള്ളത്. രാഹുല്‍ തരംഗം അതിര്‍ത്തി കടക്കുന്നതോടെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസ് സഖ്യത്തിനു നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."