മലയോര മേഖലയിലെ കാട്ടാന ശല്യം: താല്കാലിക കിടങ്ങ് നിര്‍മിക്കുക
വടക്കഞ്ചേരി: കിഴക്കഞ്ചേരി മലയോര മേഖലയിലെ കാട്ടാന ശല്യം;അടിയന്തിരമായി കിടങ്ങ് നിര്‍മിക്കാന്‍ തീരുമാനം.
കിഴക്കഞ്ചേരി മലയോര മേഖലയില്‍ നിരന്തരമുണ്ടാകുന്ന കാട്ടാന ആക്രമണം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി വാല്‍ക്കുളമ്പില്‍ കെ ഡി പ്രസേനന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും യോഗം ചേര്‍ന്നത്.
കിഴക്കഞ്ചേരി കണച്ചി പരുത, പുല്ലംപരുത പ്രദേശങ്ങളിലാണ് കാട്ടാനകളുടെ ആക്രമണത്തില്‍ വ്യാപകമായ കൃഷി നാശം സംഭവിച്ചത്. കൂടാതെ ആനയുടെ ആക്രമണത്തില്‍ പാത്ര കണ്ടത്തെ ആദിവാസി യുവാവിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പഞ്ചായത്തിന്റെ സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് അടിയന്തിരമായി താല്കാലിക കിടങ്ങ് നിര്‍മിക്കുക.
കൂടാതെ സ്ഥിരമായി കിടങ്ങ് നിര്‍മിക്കുന്നതിന് വനം വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കാനും തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വനം വകുപ്പ് പ്രദേശത്ത് സൗരോര്‍ജ വേലിയും സ്ഥാപിക്കും.
മാത്രമല്ല കാട്ടാന കൃഷി നശിപ്പിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ കൃഷി വകുപ്പ് വിശദമായ കണക്കെടുക്കും.
ഇത്തരം പ്രവൃത്തികള്‍ക്ക് നേതൃത്വം കൊടുക്കാനും വിലയിരുത്താനുമായി കെ.ഡി പ്രസേനന്‍ എം.എല്‍.എ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ ചെയര്‍പേഴ്‌സനയും ജില്ലാ പഞ്ചായത്തംഗം എ.ടി ഔസേഫ് കണ്‍വീനറുമായി കര്‍ഷകരും ജനപ്രതിനിധികളും ഉള്‍പ്പെട്ട ജനകീയ കമ്മിറ്റി രൂപീകരിച്ചു.
വാല്‍ കുളമ്പില്‍ ചേര്‍ന്ന യോഗത്തില്‍ പീച്ചി ഡി.എഫ്.ഒ, എ.ഒ സണ്ണി, റെയ്ഞ്ച് ഓഫിസര്‍മാരായ അജയഘോഷ്, അജിത്ത്, തഹസില്‍ദാര്‍ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍, വൈസ് പ്രസിഡന്റ് പി എം കലാധരന്‍, ജില്ലാ പഞ്ചായത്തംഗം എ.ടി ഔസേഫ്, എ വാസുദേവന്‍, അബ്രഹാം സ്‌കറിയ, ലീലാമ്മ ജോസഫ്, മഞ്ജു, രത്‌നകുമാരി സുരേഷ്, ഫാ.ബിജു മൂങ്ങാംകുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."