കേരളത്തോടൊപ്പം ഗള്‍ഫിലും ഇന്ന് മിഅ്‌റാജ് രാവ്; അനുസ്മരണ പ്രഭാഷണങ്ങളും പ്രാര്‍ത്ഥനാ സദസ്സുകളും സജീവം
മനാമ: കേരളത്തോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ന് (ഏപ്രില്‍ 2, ചൊവ്വ) രാത്രി മിഅ്‌റാജ് രാവായി ആചരിക്കുന്നു. മിഅ്‌റാജ് ദിനമായ നാളെ (ബുധനാഴ്ച) വിശ്വാസികള്‍ ഐഛിക വൃതാനുഷ്ഠാനത്തിലും പങ്കാളികളാകും.
അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഇസ്‌റാഅ് മിഅ്‌റാജ് ദിനം ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതോടനുബന്ധിച്ച് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒന്നിലേറെ ദിവസം പ്രത്യേക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ മിഅ്‌റാജിന്റെ സന്ദേശം വിളംബരം ചെയ്യുന്ന നിരവധി പരിപാടികളും വിവിധ രാജ്യങ്ങളിലെ ഔഖാഫും മതകാര്യ വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും വിവിധ ഇസ്‌ലാമിക സംഘടനകളുടെയും പ്രവാസി സംഘടനകളുടെയും കീഴില്‍ പ്രത്യേക മിഅ്‌റാജ് അനുസ്മരണ പരിപാടികളും പ്രാര്‍ത്ഥനാ സദസ്സുകളും ഇന്നും നാളെയുമായി നടക്കും.
കഴിഞ്ഞ വെള്ളിയാഴ്ച മിക്ക പള്ളികളിലെയും ജുമുഅ ഖുതുബകള്‍ മിഅ്‌റാജിനെ കുറിച്ചായിരുന്നു. ഇസ്‌റാഅ് മിഅ്‌റാജ് ചരിത്രം വിശദമായി ഇതില്‍ പ്രതിപാദിച്ചിരുന്നു.
അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) ഒരു രാത്രി മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്ഥീനിലുള്ള മസ്ജിദുല്‍ അഖ്‌സാ വരെ ജിബ്രീല്‍ മാലാഖയോടൊപ്പം സഞ്ചരിച്ച രാത്രിയാത്രക്കാണ് ഇസ്‌റാഅ്(രാപ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെയാണ് മിഅ്‌റാജ്(ആകാശാരോഹണം) എന്നും ഖതീബുമാര്‍ വിശദീകരിച്ചു.
ഈ യാത്രയിലുടനീളം നടന്ന അത്ഭുത കാഴ്ചകളുടെയും പാഠങ്ങളുടെയും വിശദീകരണങ്ങള്‍ക്കൊപ്പം ഈ സുദിനത്തില്‍ അല്ലാഹു സമ്മാനമായി നല്‍കിയ നമസ്‌കാരം കൃത്യമായി നിലനിര്‍ത്തണമെന്ന ആഹ്വാനവും പണ്ഡിതന്മാര്‍ നല്‍കിയിരുന്നു.
സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന മിഅ്‌റാജ് ദിന പ്രഭാഷണം ഇന്ന്(ചൊവ്വാഴ്ച) രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന മിഅ്‌റാജ് ദിന സന്ദേശത്തിനും പ്രാര്‍ത്ഥനക്കും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഇത് കൂടാതെ ബഹ്‌റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക മിഅ്‌റാജ് അനുസ്മരണ സംഗമങ്ങള്‍ നടക്കും. ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും സമസ്ത, ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, ഐസിഎഫ് തുടങ്ങിയ വിവിധ സംഘടനകളുടെയും പോഷക ഘടകങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യക ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സമസ്ത നേതാക്കളുടെ അറിയിപ്പനുസരിച്ച് കേരളത്തിലും മിഅ്‌റാജ് രാവ് ചൊവ്വാഴ്ച രാത്രിയാണ്. ഇതോടനുബന്ധിച്ചുള്ള പ്രത്യേക സുന്നത്ത് നോമ്പ് (ഐഛിക വൃതം) അനുഷ്ഠിക്കേണ്ടത് ബുധനാഴ്ചയുമാണ്.
നാട്ടിലും ഗള്‍ഫിലുമെല്ലാം ഈ ദിനത്തോടനുബന്ധിച്ചുള്ള രാത്രിയില്‍ വിശ്വാസികള്‍ പ്രത്യേകമായി മധുര പലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്യുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."