ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ കേരളത്തിന് ജയം; മിസോറം സെമിയില്‍
കോഴിക്കോട്: ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ലീഗ് ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ കേരളം രണ്ടാം ജയത്തോടെ സെമി സാധ്യത നിലനിര്‍ത്തി. ഇന്നലെ നടന്ന മത്സരത്തില്‍ മധ്യപ്രദേശിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. 26ാം മിനുട്ടില്‍ ക്യാപ്റ്റന്‍ അഭിജിതാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. 36ാം മിനുട്ടില്‍ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെ ഷാഹില്‍ കേരളത്തിന്റെ രണ്ടാം ഗോള്‍ വലയിലാക്കി.
തൊട്ടുപിന്നാലെ 38ാം മിനുട്ടില്‍ അഭയ് ഷണ്മുഖന് മൂന്നാം ഗോളും സ്കോര്‍ ചെയ്തു. 69ാം മിനുട്ടില്‍ മധ്യപ്രദേശിന്റെ റിത്തിക് സില് ആദ്യ ഗോളും 90ാം മിനുട്ടില്‍ ലൈംഷ്റാം ബിനോദ് മിത്തല്‍ രണ്ടാം ഗോളും സ്കോര്‍ ചെയ്തു. രണ്ട് കളികള്‍ ജയിച്ച കേരളത്തിന് സെമിയിലെത്തിയ മിസോറമിനോട് സമനില പിടിച്ചാല്‍ സെമിയുറപ്പാക്കാം.
ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ മിസോറം രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ഒഡിഷയെ പരാജയപ്പെടുത്തി സെമിയിലിടം നേടി. മിസാറോമിന് വേണ്ടി 16ാം മിനുട്ടില്‍ ലാല്‍ നൂന സംഗയും 45ാം മിനുട്ടില്‍ ലാല്‍ റാം പുയയും 68ല്‍ ലാല്‍ റോ കിമയും 72ാം മിനുട്ടില്‍ സോങ് സാങ് പുയയും 74ല്‍ ലാല്ബയാക്കി ലിയാനയും ഗോളുകള്‍ നേടി. ഒഡിഷക്ക് വേണ്ടി 67, 89 മിനുട്ടുകളില്‍ അഷന്ത കിര്ക്കേത്തയാണ് ഗോളുകള്‍ നേടിയത്. ഇന്ന് രാവിലെ 7.30 ന് നടക്കുന്ന മത്സരത്തില്‍ ഗോവ തമിഴ്നാടിനേയും വൈകിട്ട് 4.15ന് നടക്കുന്ന മത്സരത്തില്‍ ബംഗാള്‍ മേഘാലയേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."