ഗവേഷണ രംഗത്ത് സഹകരിക്കും: മുഖ്യമന്ത്രി
ബാള്‍ട്ടിമോര്‍ (യു.എസ്): മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ട്ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപാ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി ആദരിച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ.കെ ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഡോ. എം.വി പിള്ള, ഡോ.ശാര്‍ങ്ധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗവേഷണ രംഗത്ത് കേരളവുമായുള്ള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താല്‍പര്യമുണ്ടെന്ന് സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സ്ഥാപിതമാകുന്ന അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തില്‍ സഹകരിക്കാന്‍ കഴിയും. ഐ.എച്ച്.വിയുടെ ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുള്ള വലിയ അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനാരോഗ്യ സംവിധാനത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
വിദ്യാഭ്യാസ,സാമൂഹ്യ,സാമ്പത്തിക മേഖലകളില്‍ മുന്നേറണമെങ്കില്‍ ആരോഗ്യമുള്ള ജനത എന്ന അടിത്തറ വേണം. ആയുര്‍വേദത്തിന്റെ നാടായ കേരളത്തില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പച്ചമരുന്നുകളിലെ രോഗം സുഖപ്പെടുത്തുന്ന രാസഘടകങ്ങള്‍ വേര്‍തിരിച്ചറിയേണ്ടതുണ്ട്. അതു സാധിച്ചാല്‍ ശാസ്ത്രീയമായി വലിയ തോതില്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാനും ലഭ്യമാക്കാനും സാധിക്കും.
രണ്ടാമത്തെ രോഗിയില്‍നിന്ന് തന്നെ നിപാ വൈറസ് സ്ഥിരീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ആദ്യം രോഗം ബാധിച്ച് മരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും കണ്ടെത്തി നിരീക്ഷണവലയത്തില്‍ കൊണ്ടുവന്നു. രോഗലക്ഷണങ്ങള്‍ കണ്ട മുഴുവന്‍ പേരെയും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി നിരീക്ഷിച്ചു.
നിപാ സ്ഥിരീകരിക്കുന്നതിന് മുന്‍പു തന്നെ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവന്‍ ജാഗ്രതയിലായിരുന്നു. നിപാ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങി. എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി പ്രവര്‍ത്തിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ടായിരത്തിലധികം പേരെ നിരീക്ഷണത്തില്‍ കൊണ്ടുവന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിത്യേന അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ജാഗ്രതയോടെയും കൂട്ടായുമുള്ള ഈ പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ശ്യാംസുന്ദര്‍ കൊട്ടിലില്‍ എന്നിവരും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ ശൈലജയും സ്വീകരണത്തിന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."