പിഞ്ചുകുഞ്ഞിനെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു, കൂടിനകത്ത് പാമ്പും എലികളും; മാതാവുള്‍പെടെ മൂന്നു പേര്‍ അറസ്റ്റില്‍
ഹെന്‍ട്രികൗണ്ടി (ടെന്നിസ്സി): ഒന്നര വയസ്സുള്ള ആണ്‍കുട്ടിയെ വൃത്തിഹീനവും ആപല്‍ക്കരവുമായ സ്ഥിതിയില്‍ പട്ടികളെ സൂക്ഷിക്കുന്ന ഇരുമ്പുകൂട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവും വളര്‍ത്തച്ഛനും വളര്‍ത്തച്ഛന്റെ പിതാവും പൊലിസ് പിടിയില്‍. മാതാവ് ഹെതര്‍(42),വളര്‍ത്തച്ഛന്‍ ടി. ജെ. ബ്രൗണ്‍ (46) മുത്തച്ഛന്‍ ചാള്‍സ് ബ്രൗണ്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഷ്‌വില്ലയില്‍ നിന്നും നൂറുമൈല്‍ അകലെ ഹെന്‍ട്രി കൗണ്ടി പാരിസിലെ മൊബൈല്‍ ഹോമില്‍ നിന്നുമാണ് മൂന്നു പേരേയും പൊലീസ് അറസ്റ്റ് ചെയ്തു കുട്ടിയെ മോചിപ്പിച്ചത്.
ജൂണ്‍ 25 വ്യാഴാഴ്ചയായിരുന്നു മനുഷ്യമനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന ഈ സംഭവം. ജൂണ്‍ 26 വെള്ളിയാഴ്ച ഹെന്‍ട്രി കൗണ്ടി പൊലിസ് അധികൃതര്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു. ഇവര്‍ താമസിക്കുന്ന വീടിനു സമീപത്തേക്കു പ്രവേശിച്ചപ്പോള്‍ തന്നെ എന്തോ അവിടെ നടക്കുന്നതായി കണ്ടെത്തിയെന്നു ഷെറിഫ് മോണ്ടി ബിലൊ പറഞ്ഞു.
കൂടുതല്‍ അകത്തേക്ക് കയറി നോക്കിയപ്പോള്‍ പട്ടിക്കൂടെന്നു തോന്നിക്കുന്ന ഇരുമ്പു കൂട്ടിനകത്തു ഏറ്റവും വൃത്തി ഹീനമായ രീതിയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ അടച്ചിട്ടിരിക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. കൂടിനകത്തു വിഷമില്ലാത്ത പത്ത് അടി വലിപ്പമുള്ള പാമ്പ് ഇഴഞ്ഞു നടക്കുന്നതും പാറ്റയും, പേനും, എലികളും, പട്ടികളുടെ വിസര്‍ജ്യവും, ഒരു പുതപ്പും കണ്ടെത്തി. ഇതിനു നടുവിലായിരുന്നു കുട്ടി. ഒന്നു ശ്രദ്ധതെറ്റിയാല്‍ പാമ്പിന്റെ പിടിയില്‍ ഈ കുട്ടി ഞെരിഞ്ഞമരുമായിരുന്നുവെന്നു പൊലിസ് പറഞ്ഞു. മാത്രമല്ല ഈ കൂടിനു ചുറ്റും നിരവധി മൃഗങ്ങളെ കണ്ടെത്തുകയും ചെയ്തു. നൂറില്‍പരം കഞ്ചാവ് ചെടികളും പൊലിസ് കണ്ടെത്തി. കുട്ടിയുടെ മാതാവിന്റേയും മറ്റു രണ്ടു പേരുടേയും പേരില്‍ ചൈല്‍ഡ് അബ്യൂസിന് കേസ്സെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."