തമിഴ്‌നാട്ടില്‍ കസ്റ്റഡി മരണം; വിവാദം പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് 62കാരനും മകനും
ചെന്നൈ: പൊലിസിനെതിരേ ആരോപണമുയര്‍ത്തിയതിന് തമിഴ്‌നാട്ടില്‍ വ്യാപാരിയെ കസ്റ്റഡിയിലെടുത്ത പൊലിസ് വെട്ടില്‍. പൊലിസ് കസ്റ്റഡിയിലിരിക്കെ വ്യാപാരിയും ഇയാളുടെ മകനും ക്രൂരമര്‍ദനത്തിനിരയായി മരിച്ചതോടെ സംസ്ഥാനത്ത് വിവാദം കത്തുകയാണ്. തൂത്തുക്കുടിയിലെ സാത്താംകുളം പൊലിസ് സ്റ്റേഷനിലാണ് സംഭവം.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഇവിടെ കടകള്‍ അടക്കാന്‍ സമയമാകുന്നതിന് മുന്‍പ് പൊലിസെത്തി കടകള്‍ അടപ്പിക്കുന്നതിനെ മൊബൈല്‍ ഷോപ്പ് നടത്തുന്ന 62കാരന്‍ ജയരാജ് ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. പിന്നാലെ സ്റ്റേഷനിലെത്തിയ ജയരാജിന്റെ 32കാരനായ മകന്‍ ബെന്നിക്‌സ്, പിതാവ് മര്‍ദനമേറ്റ് ലോക്കപ്പില്‍ കിടക്കുന്നതാണ് കണ്ടത്. മര്‍ദനത്തെ ചോദ്യം ചെയ്ത മകനെയും പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് പൊലിസ് നടത്തിയ ക്രൂരമര്‍ദനത്തിനിടെ ഇരുവരും മരിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയവിവാദമായി മാറിയിരിക്കുകയാണ്.
ജൂണ്‍ 19നായിരുന്നു സംഭവം. ജയരാജിനെതിരേ പൊലിസ് ലോക്ക്ഡൗണ്‍ ലംഘനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ജൂണ്‍ 20ന് പരുക്കുകളോടെ ഇവരെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, പ്രതികളെയും പൊലിസുകാരെയും വീടിനു പുറത്തുനിര്‍ത്തി മജിസ്‌ട്രേറ്റ് ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നെന്നും ആരോപണമുണ്ട്.
ബെന്നിക്‌സ് ജൂണ്‍ 22നും ജയരാജ് ജൂണ്‍ 23നുമാണ് മരിച്ചത്. ഇരുവരും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തൂത്തുക്കുടി എം.പിയായ കനിമൊഴി 25 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."