ഇതരസംസ്ഥാന കവര്‍ച്ചാ സംഘം; പ്രദേശവാസികള്‍ ഭീതിയില്‍
പാറക്കടവ്: പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളായി എത്തുന്നവരില്‍ കവര്‍ച്ചാ സംഘം വര്‍ധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി അബൂതറാഖ് (29) വളയം പൊലിസിന്റെ പിടിയിലായത് ഈ ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്.
പാറക്കടവ്, വളയം, ചെക്യാട്, ഉമ്മത്തൂര്‍, താനക്കോട്ടൂര്‍ പ്രദേശങ്ങളില്‍ നടന്ന മോഷണങ്ങളിലെല്ലാം പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളായി എത്തുന്നവരാണെന്നാണ് നാട്ടുകാരുടെ പരാതി. ഈ പ്രദേശങ്ങളില്‍ വിവിധ കെട്ടിടങ്ങളില്‍ അനധികൃതമായി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. അധികൃതര്‍ ശക്തമായ നിലപാട് സ്വീകരിക്കാത്തതിനാല്‍ പ്രദേശവാസികളില്‍ പ്രതിഷേധമുണ്ട്. ഇത്തരം കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ കുറിച്ച് കെട്ടിട ഉടമകളില്‍ പോലും വ്യക്തമായ പേര് വിവരങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്.
ഏതെങ്കിലും ഒരു തൊഴിലാളിയുടെ പേരില്‍ സംഘടിപ്പിക്കുന്ന ഈ താമസ സൗകര്യ കേന്ദ്രങ്ങളില്‍ പിന്നീട് പലരും മാറി താമസിക്കുന്ന അവസ്ഥയുണ്ട്. യഥാര്‍ഥ തിരിച്ചറിയല്‍ കാര്‍ഡ് പലര്‍ക്കും ഇല്ല. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് മിക്കവരും സിം കാര്‍ഡ് ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കുന്നത്. പ്രദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍, വീടുകളിലെ വീട്ടുപകരണങ്ങള്‍ മുതലായ മോഷണം നടന്നവയില്‍ ഈ തൊഴിലാളികള്‍ പ്രതികളായി പിടിക്കപെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ധരാത്രി ഉമ്മത്തൂര്‍ കാഞ്ഞാല്‍ പള്ളി പരിസരത്ത് നിന്ന് മുഖം മൂടി ധരിച്ച് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മോഷണ ശ്രമത്തിനിടെ ബഹളം വെച്ചതിനാല്‍ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഇത്തരക്കാര്‍ ഉടന്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറുന്നതിനാല്‍ പിടികൂടാനാകുന്നുമില്ല. അനധികൃതമായി താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."