വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹസന്‍കോയ വിഭാഗവും ഒന്നിച്ചു പ്രവര്‍ത്തിക്കും
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ) വിഭാഗവും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇന്നലെ ടി. നസിറുദ്ദീന്റെ നടക്കാവിലെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണ് ഐക്യനിര രൂപപ്പെട്ടത്.
2009ല്‍ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഇരുവിഭാഗമായവരാണ് ലയിക്കാന്‍ തീരുമാനിച്ചത്. ടി. നസിറുദ്ദീന്‍ പുതിയ കമ്മിറ്റിയിലും സംസ്ഥാന പ്രസിഡന്റായി തുടരും. ഇരുസമിതിയിലേയും നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന ഭാരവാഹികളെ വൈകാതെ തീരുമാനിക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന വ്യാപാരികളെ താങ്ങിനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുപ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് ടി. നസിറുദ്ദീനും കെ. ഹസന്‍കോയയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പ്രളയാനന്തരം മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തികഞ്ഞ അവഗണനയാണ് നേരിടുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഒന്നിച്ചുനിന്ന് പോരാടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതിനാലാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
ഏകപക്ഷീയമായി കടകള്‍ അടക്കാനും തുറക്കാനും തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ വ്യാപാരികളുമായി ചര്‍ച്ചയ്ക്കുപോലും തയാറാകുന്നില്ലെന്ന് ഇവര്‍ കൂട്ടിചേര്‍ത്തു.
ഹസന്‍കോയ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത്, സമിതി ഭാരവാഹി കെ. സേതുമാധവന്‍, ടി.എഫ് സെബാസ്റ്റ്യന്‍, സി.എച്ച് ആലിക്കുട്ടി ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് യോജിപ്പിന്റെ സന്ദേശം ഇന്നുതന്നെ കൈമാറുമെന്ന് നേതാക്കള്‍ പറഞ്ഞു.
ലയനശേഷമുള്ള ആദ്യ പ്രക്ഷോഭ പരിപാടിയായി അടുത്തമാസം രണ്ടിന് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ വ്യാപാരി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."