തഞ്ഞുതീര്‍ന്ന പ്രതാപം പരിയാരത്തെ യന്ത്രവല്‍കൃത അലക്കുശാല നാശത്തില്‍
തളിപ്പറമ്പ്: നാശത്തിന്റെ വക്കിലെത്തി പരിയാരം ടി.ബി സാനിറ്റോറിയത്തിന്റെ പഴയ അലക്കുശാല. പൂര്‍ണമായും യന്ത്രവല്‍കൃതമായ അലക്കുശാല ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. ടി.ബി സാനിറ്റോറിയം അടച്ചുപൂട്ടി മെഡിക്കല്‍ കോളജ് ആരംഭിച്ചതോടെയാണ് അലക്കുശാല അടച്ചത്. ഇപ്പോള്‍ ഔഷധിയുടെ തോട്ടത്തിന്റെ ഭാഗമാണ് കെട്ടിടം.
1948ല്‍ പ്രവര്‍ത്തനം തുടങ്ങിയ ക്ഷയരോഗ സാനിറ്റോറിയമാണ് പരിയാരം മെഡിക്കല്‍ കോളജ് ആക്കി മാറ്റിയത്. സാനിറ്റോറിയത്തിന്റെ ഭാഗമായാണ് അലക്കുശാല നിര്‍മിച്ചത്. ക്ഷയരോഗികള്‍ ഉപയോഗിച്ച തുണികള്‍ കൈ തൊടാതെ ആവിയില്‍ പുഴുങ്ങി അണുവിമുക്തമാക്കി അലക്കി ഉണക്കിയെടുക്കാനുള്ള യന്ത്രസംവിധാനങ്ങളാണ് ആശുപത്രിക്ക് പുറകിലായി കടന്നപ്പള്ളി റോഡരികില്‍ ഒരുക്കിയത്.
മാരകരോഗമായ ക്ഷയരോഗം പകരുമെന്ന ഭയത്താല്‍ നാട്ടുകാരെ അലക്കു ജോലിക്ക് കിട്ടാതെ വന്നപ്പേള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ദോബികളെ കൊണ്ടുവന്നാണ് ഇവിടെ ജോലി ചെയ്യിച്ചിരുന്നത്. ഇവര്‍ക്ക് പ്രത്യേകം ക്വാര്‍ട്ടേഴ്‌സും നിര്‍മിച്ച് നല്‍കിയിരുന്നു.
ഈ ക്വാര്‍ട്ടേഴ്‌സുകള്‍ ഇന്ന് ഔഷധിയുടെ നഴ്‌സറി ഓഫിസായി പ്രവര്‍ത്തിക്കുകയാണ്. എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉണ്ടായിരുന്ന അലക്കുശാല ടി.ബി സാനിറ്റോറിയം നിര്‍ത്തിയതോടെ അടച്ചുപൂട്ടുകയായിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ പലതും നഷ്ടപ്പെടുകയും കെട്ടിടം തന്നെ നാശത്തിന്റെ വക്കിലെത്തുകയും ചെയ്തു.
കോണ്‍ക്രീറ്റ് തറയില്‍ ഉറപ്പിച്ച മൂന്ന് കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ ഇപ്പോഴും കെട്ടിടത്തിനകത്തുണ്ട്. ഇവ പൊളിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്തതു കൊണ്ടു മാത്രമാണ് കാടുകയറിയ കെട്ടിടത്തിനുള്ളില്‍ അവശേഷിച്ചിരിക്കുന്നത്. കെട്ടിടത്തോട് ചേര്‍ന്ന പുകക്കുഴല്‍ നിലംപതിച്ചു. സ്ഥലത്തിന്റെ ഉടമസ്ഥരായ ഔഷധി മുന്‍കൈയെടുത്ത് യന്ത്രഭാഗങ്ങള്‍ ലേലം ചെയ്ത് വിറ്റ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."