സ്വകാര്യ സ്കൂളുകളെ അവമതിക്കുന്നു: സെല്‍ഫ് ഫിനാന്‍സ് സ്കൂള്‍ ഫെഡറേഷന്
കണ്ണൂര്‍: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ പേരില്‍ ജില്ലയില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന അണ്-എയ്ഡഡ് വിദ്യാലയങ്ങളെ അവമതിക്കുന്ന പ്രവര്‍ത്തനമാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്ന് ആള് കേരള സെല്‍ഫ് ഫിനാന്‍സ് സ്കൂള്‍സ് ഫെഡറേഷന് ജില്ലാകമ്മിറ്റിയോഗം ആരോപിച്ചു. പൊതുവിദ്യാലയങ്ങളുടെ പുറകോട്ട് പോകലിന് ആ മേഖലയിലുള്ളവര്‍ തന്നെയാണ് കാരണക്കാര്‍. സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്കൂളുകളെ തകര്‍ക്കാനുള്ള ശ്രമത്തെ ശക്തമായി ചെറുക്കും. അണ് എയ്ഡഡ് പ്രൈമറി സ്കൂളുകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള പരിശോധനയെ സ്വാഗതം ചെയ്യും. എന്നാല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരെന്ന പേരില്‍ ഒരുകൂട്ടം ആളുകള്‍ സ്വാശ്രയ സ്കൂളില്‍ കയറിയിറങ്ങുന്നതിനെ തടയും. പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാമിഷന് സ്വാശ്രയ സ്കൂളിന്റെ ചുമതലയാരും നല്‍കിയിട്ടില്ലെന്നും യോഗം അറിയിച്ചു. രാമദാസ് കതിരൂര്‍ ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍ പി.പി അധ്യക്ഷനായി. പി.എം സൈമണ്‍, പത്മജ മനോഹരന്, കെ.പി. മുഹമ്മദ് അഷ്റഫ്, സീമ ബിജു, എം.ഒ നാരായണന്, നിജി സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."