മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ അവതാളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിച്ച് നഗരസഭ
മഞ്ചേരി: പകര്‍ച്ചാവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചിത്വ പരിപാടികളെ അട്ടിമറിച്ച് നഗരസഭ. കഴിഞ്ഞവര്‍ഷം വൈറല്‍ പനി, ഡെങ്കി, എലിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ഇത്തവണ സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന നിലപാടാണ് നഗരസഭാ അധികൃതര്‍ സ്വീകരിക്കുന്നത്. ശുചിത്വ പരിപാടികള്‍ വ്യക്തമായി പരാമര്‍ശിക്കുന്ന സര്‍ക്കുലര്‍ ചര്‍ച്ച ചെയ്യാന്‍ പോലും നഗരസഭ തയാറായിട്ടില്ല. മഞ്ചേരിയിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധം വമിച്ചിട്ടും ശുചിത്വ പദ്ധതികളോട് തണുപ്പന്‍ പ്രതികരണം സ്വീകരിക്കുന്ന നഗരസഭയുടെ നടപടിക്കെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.
ടൗണും മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴിലാളി യൂനിയനുകള്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരെ സംയോജിപ്പിച്ച് ജനകീയമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സര്‍ക്കുലറില്‍ പറയുന്ന ഒരു നിര്‍ദേശവും നടപ്പിലാക്കാന്‍ നഗരസഭ തയാറായിട്ടില്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
പദ്ധതികള്‍ക്ക് അംഗീകാരം നേടിയതൊഴിച്ചാല്‍ ജനങ്ങളുടെ പ്രയാസം അകറ്റാനുള്ള നടപടികളെല്ലാം കടലാസില്‍ ഒതുങ്ങുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഹരിതസേനകള്‍ നഗരസഭയില്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല. വാര്‍ഡുതല ശുചിത്വ മാപ്പിങും ആരംഭിച്ചിട്ടില്ല. ഓരോ വാര്‍ഡുകളിലെയും 50 വീടുകള്‍ക്ക് ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന നിര്‍ദേശവും കാറ്റില്‍ പറത്തിയതോടെ മഞ്ചേരിയില്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പട്ടിക തയാറാക്കേണ്ടതും ബോധവല്‍ക്കരണം സംഘടിപ്പിക്കേണ്ടതും ശുചിത്വ സ്‌ക്വാഡുകളാണ്.
മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭ മടിച്ചതോടെ കഴിഞ്ഞ ദിവസം വലിയട്ടിപറമ്പ് അയനിക്കുത്ത് പട്ടിക ജാതി കോളനിയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. ഇവിടെ പകര്‍ച്ചപ്പനി ബാധിച്ച് ഒരു സ്ത്രീ മരിക്കുക കൂടി ചെയ്തിട്ടും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലേക്ക് അധികൃതര്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."