കുട്ടികളുടെ അശ്ലീല ദൃശ്യം: കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് പൊലിസ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് പൊലിസ്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈമാറുന്ന സംഘങ്ങള്‍ ഉള്‍പ്പെടുന്ന 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകള്‍ പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. സൈറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍ തുകയ്ക്കാണ് നഗ്നചിത്രങ്ങള്‍ വില്‍ക്കുന്നതെന്നും ഓപ്പറേഷന്‍ പി ഹണ്ടിലൂടെ തെളിഞ്ഞു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
ആറു വയസിനും പതിനഞ്ചു വയസിനും ഇടയില്‍ പ്രായമുള്ള മലയാളികളായ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്കു വച്ചതായി കണ്ടെത്തി. ഇവയില്‍ ഏറെയും ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ചതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പൊലിസിന് കിട്ടിയിട്ടുണ്ട്. ഗാര്‍ഹിക അന്തരീക്ഷത്തില്‍ ലൈംഗികമായി കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
സിനിമ, രാഷ്ട്രീയ, പൊതു ചര്‍ച്ചകള്‍ക്കായി രൂപീകരിക്കുന്ന ഗ്രൂപ്പുകള്‍ അശ്ലീല ചര്‍ച്ചകളിലേക്ക് വഴിമാറ്റി കുട്ടികളുടെ ചിത്രങ്ങള്‍ അയച്ച ശേഷം താല്‍പ്പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ലൈംഗിക ചൂഷണത്തിനായി പ്രത്യേകം ഗ്രൂപ്പുകള്‍ രൂപീകരിക്കുകയോ താല്‍പ്പര്യമില്ലാത്തവര്‍ പുറത്തുപോയ ശേഷം ഈ ഗ്രൂപ്പുകള്‍ പിന്നീട് ഇതിനായി മാറ്റിയെടുക്കുകയോ ചെയ്യുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കൈയില്‍ കുട്ടിയുടെ ചിത്രവും വിഡിയോയും ഉണ്ടെന്നും പണം നല്‍കിയാല്‍ പോസ്റ്റ് ചെയ്യാമെന്നും അംഗങ്ങള്‍ ഗ്രൂപ്പില്‍ അറിയിക്കും.
പണം നല്‍കുന്നവര്‍ക്ക് ഇവ നല്‍കും. ഇടപാടുകള്‍ ബിറ്റ്‌കോയിന്‍ വഴിയാണ്. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും അടക്കമുള്ള പ്രൊഫഷനലുകള്‍, വിദേശത്തു ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരൊക്കെയാണ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍.
കൂടുതല്‍ പരിശോധന നടത്താനാണ് പൊലിസ് നീക്കം. ഇന്റര്‍പോളിന്റെ കൂടി സഹായത്തോടെയാണ് പരിശോധന. ഗ്രൂപ്പുകള്‍ ഇടയ്ക്കിടെ പേരുമാറ്റി രഹസ്യമായി പ്രവര്‍ത്തിക്കുമെന്നതാണ് പൊലിസിനു മുന്നിലെ പ്രധാന വെല്ലുവിളി.
മൂന്നു മാസം മുമ്പ് നടന്ന പരിശോധനയെ തുടര്‍ന്ന് പൂട്ടിയ സൈറ്റുകളിലെ അംഗങ്ങളാണ് വീണ്ടും വിദേശത്തുനിന്നും മറ്റും പുതിയ സൈറ്റുകളിലൂടെ പ്രവര്‍ത്തനം ശക്തമാക്കിയതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."