സ്ഥലം ജെണ്ടകെട്ടി വനംവകുപ്പ് സ്വന്തമാക്കുന്നു; വ്യാപക പ്രതിഷേധവുമായി കര്‍ഷകര്‍
മംഗലംഡാം: 50ഉം 60ഉം വര്‍ഷത്തിലധികമായി കൈവശം വച്ച് കൃഷി ചെയ്ത് കുടുംബസമേതം താമസിച്ച് വരുന്ന ചുരുപാറ, രണ്ടാംപുഴ, അട്ടവാടി പ്രദേശങ്ങളിലെ പാവപ്പെട്ട കര്‍ഷകരുടെ സ്ഥലം ജണ്ട കെട്ടി വനംവകുപ്പിന്റേതാക്കാനുള്ള നടപടികളില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. മംഗലംഡാം റിസര്‍വോയറിന്റെ കാച്ച്‌മെന്റ് ഏരിയ കഴിഞ്ഞുള്ള സ്ഥലമെല്ലാം വനം വകുപ്പിന്റേതാണെന്നുള്ള അടിസ്ഥാനത്തിലാണ് കര്‍ഷകരുടെ സ്ഥലങ്ങളില്‍ ജണ്ട സ്ഥാപിക്കുന്നത്. വളരെ തന്ത്രപരമായിട്ട് ഒറ്റയടിക്ക് ജണ്ട നിര്‍മിക്കാതെ കുറ്റിയടിച്ച് റിബണ്‍ കെട്ടി പതുക്കെ പതുക്കെയാണ് നടപടികള്‍ കൈക്കൊള്ളുന്നത്. കര്‍ഷകരുടെ കൂട്ടായ പ്രതിഷേധം ഇല്ലാതിരിക്കാനാണ് ഈ മെല്ലെപ്പോക്ക്. മാത്രമല്ല. ജെണ്ട കെട്ടി എന്ന് വിചാരിച്ച് സ്ഥലമൊന്നും നിങ്ങള്‍ക്ക് നഷ്ടമാവില്ല എന്നും തുണി അലക്കാനും വാട്ടര്‍ ടാങ്ക്, അരകല്ല് മുതലായവ വെക്കാനുമൊക്കെ ഇത് ഉപകരിക്കും എന്നുള്ള മോഹന വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്. വനം വകുപ്പ് എന്തടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് അതിര്‍ത്തി നിര്‍ണയിക്കുന്നതും ജണ്ട കെട്ടുന്നതും എന്നതിന് വ്യക്തമായ ഒരു രേഖയും ഇല്ല എന്നുള്ളതാണ് വസ്തുത. വന്‍കിട കൈയ്യേറ്റക്കാരെയൊന്നും തൊടാതെ ചെറുകിടക്കാരോട് മാത്രമായിട്ടുള്ള ഈ പ്രവണത ഞങ്ങളുടെ കൈയ്യില്‍ നിന്നും ഒന്നും കിട്ടില്ല എന്നത് കൊണ്ടാണോ എന്നാണ് കര്‍ഷകരുടെ ചോദ്യം. രാഷ്ട്രീയക്കാരെ കണ്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശത്തിന്റെ മുമ്പില്‍ കര്‍ഷകര്‍ക്ക് പല സംശയങ്ങളുമുണ്ട്. യു.റ്റി.റ്റി കമ്പനിയില്‍ നിന്ന് 1962ല്‍ പാട്ടത്തിനെടുത്ത് കൃഷി ചെയത് കുടുംബത്തോടെ താമസമാക്കിയവരും അവരുടെ പിന്‍തലമുറക്കാരുമാണ് ഇവിടുത്തെ കര്‍ഷക കുടുംബങ്ങളിലേറെയും. 20-25 വര്‍ഷം മുമ്പ് ഫോറസ്റ്റ് കാര്‍ വന്ന് തങ്ങളുടെ സ്ഥലത്തിന്റെ മുകള്‍ ഭാഗത്ത് കൂടെ കുറ്റിയടിച്ച് പോയതായി കണ്ടത്തില്‍ മത്തായി മകന്‍ ജോസഫ് പറയുന്നു. അന്ന് തന്റെ വീടും സ്ഥലവും ഒഴിവാക്കി മേല്‍ഭാഗത്ത് കൂടെ കുറ്റി അടിച്ച് പോയിട്ട് ഇപ്പോഴെങ്ങനെയാ എന്റെ സ്ഥലം ഫോറസ്റ്റിലാണെന്ന് പറയുന്നത്. 1962ല്‍ പാട്ടത്തിനെടുത്ത് 63 മുതല്‍ എന്റെ പിതാവ് യു.റ്റി.റ്റി കമ്പനിക്ക് 50 രൂപ പാട്ടം കൊടുത്ത് കൃഷി ചെയ്ത് വന്ന ഭൂമിയാണിത്. 1962ല്‍ രണ്ട് രൂപ മുദ്രപത്രത്തില്‍ എഴുതിയ പാട്ട കരാറും 1994-95 കാലഘട്ടത്തില്‍ ലഭിച്ച ലാന്റ് ബോര്‍ഡ് വിധിയും, റേഷന്‍ കാര്‍ഡ് തുടങ്ങി മറ്റെല്ലാ രേഖകളും ഉള്ളവരാണ് ജോസഫിനെ പോലുള്ള ഇവിടുത്തെ താമസക്കാരില്‍ പലരും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.റ്റി.റ്റി കമ്പനിയുടെ മിച്ചഭൂമി പിടിച്ചെടുക്കുന്നതിന് വേണ്ടി മണ്ണെണ്ണയം, ചൂരു പാറ, വട്ടപ്പാറ തുടങ്ങിയ മേഖലകളില്‍ റവന്യൂ ഉദ്യോഗസ്ഥന്മാര്‍ സര്‍വേ നടത്താന്‍ വേണ്ടി വന്നിരുന്നു. മലയോര കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കാനാണ് എന്ന് പറഞ്ഞിട്ടാണ് അന്നവര്‍ വന്നത്. അപകടം മനസിലാക്കിയ കര്‍ഷകര്‍ സംഘടിതമായി അതിനെ ചെറുത്ത് തോല്‍പിച്ചു. അതിന് ശേഷം ഉദ്യോഗസ്ഥന്മാരുടെ നിരവധി ചൂഷണങ്ങള്‍ക്ക് പാവപ്പെട്ട കര്‍ഷകര്‍ വിധേയരായി. ഏക്കറിന് ആയിരവും രണ്ടായിരവും ഓരോ കാരണങ്ങള്‍ പറഞ്ഞ് വാങ്ങി അന്നത്തെ ഉദ്യോഗസ്ഥന്മാര്‍ കാശുണ്ടാക്കി.
ഉള്ള രേഖകള്‍ വച്ച് ലാന്റ് ബോര്‍ഡില്‍നിന്ന് അനുകൂല വിധി പലരും നേടിയിട്ടുണ്ടെങ്കിലും ഇന്നും ശാശ്വതമായി ഒരു പരിഹാരം ലഭിക്കാതെ ഈ പ്രദേശത്തുകാര്‍ നെട്ടോട്ടത്തിലാണ്. 1977ന് മുമ്പുള്ള കൈവശക്കാര്‍ക്കെല്ലാം പട്ടയം കൊടുക്കാനുള്ള വ്യവസ്ഥ നിലനില്‍ക്കെയാണ് പാവപ്പെട്ട മലയോര കര്‍ഷകരോടുള്ള വിവേചനം. ജീവിക്കാന്‍ ഇതല്ലാത്ത ഒരു മാര്‍ഗമോ പോകാനൊരിടമോ ഇല്ലാത്ത ഹതഭാഗ്യരായ ഒരു കൂട്ടം കുടുംബങ്ങളിവിടെ ചെറുത്ത് നില്‍പിന്റെ പാതയിലാണ്. അധികാരികളുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."