കാര്‍ഷികവിളകള്‍ നശിപ്പിക്കാന്‍ ആകാശമാര്‍ഗം രാസലായനി തളിക്കുന്നു
ഗസ്സ: പതിറ്റാണ്ടുകളായി ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരത അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഫലസ്തീന്‍ ജനതയ്ക്കു മേല്‍ ജൂത സൈന്യത്തിന്റെ പുതിയ ക്രൗര്യം. ഗസ്സയിലെ ഏക്കറുകണക്കിനു കൃഷിയിടങ്ങളില്‍ ആകാശമാര്‍ഗം രാസലായിനി തളിച്ചു വിളവു നശിപ്പിക്കുന്ന പുതിയ തന്ത്രമാണ് ഇസ്രാഈല്‍ സൈന്യം തുടരുന്നത്.
ഇത്തരത്തില്‍ ലായിനി തളിക്കുന്നതിലൂടെ വിളഞ്ഞു നില്‍ക്കുന്ന ഉല്പന്നങ്ങള്‍ നശിക്കുക മാത്രമല്ല മണ്ണിന്റെ വളക്കൂറു തന്നെ ഇല്ലാതാക്കുകയാണ് സൈന്യം. ഇതിനെതിരേ ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുകയാണ്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭൂമിയില്‍ കൃഷിയിറക്കിയ നിരവധി ഫലസ്തീന്‍ കര്‍ഷകരാണിപ്പോള്‍ കണ്ണില്ലാത്ത ഇസ്രാഈല്‍ ക്രൂരതയ്ക്കു മുന്നില്‍ കണ്ണീര്‍ വാര്‍ക്കുന്നത്. ഇസ്രാഈല്‍ ക്രൗര്യം ലക്ഷ്യം കാണുകയാണെങ്കില്‍ പതിറ്റാണ്ടുകളോളം ഗസ്സയിലെ മണ്ണില്‍ പച്ച നാമ്പു പോലും വളരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിര്‍ത്തിയോടു ചേര്‍ന്നു കൃഷി നടത്തുന്നവര്‍ക്ക് മാത്രം 3,000 ഡോളര്‍ നഷ്ടമാണ് വന്നിട്ടുള്ളത്.
ഗസ്സ-ഇസ്രാഈല്‍ അതിര്‍ത്തിയിലെ കൃഷിയിടങ്ങളിലാണ് 2014 ഒക്ടോബര്‍ മുതല്‍ വീര്യം കൂടിയ രാസലായനിയും അജ്ഞാതമായ കളനാശിനികളും ആകാശമാര്‍ഗം പ്രയോഗിച്ചു തുടങ്ങിയത്. രാസവസ്തുക്കള്‍ വിളകളെ മാത്രമല്ല ഗസ്സയിലെ ജലസ്രോതസുകളെയും ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശ വാസികള്‍.
ഇതിനെതിരേ ഇസ്രാഈല്‍ അധികൃതര്‍ക്ക് സന്ദേശമയച്ചു കാത്തിരിക്കുകയാണ് ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനകള്‍. നീതി ലഭിക്കാത്ത പക്ഷം അന്താരാഷ്ട്ര നിയമങ്ങള്‍ ഉപയോഗിച്ചു ചെറുക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും സംഘടനാ വക്താക്കള്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."