അല്ലഫല്‍ അലിഫിന്റെ അറബി വ്യാഖ്യാനം പ്രകാശിതമായി
തിരൂരങ്ങാടി: പ്രമുഖ സൂഫിവര്യന്‍ ശൈഖ് ഉമര്‍ ബ്‌നു അബ്ദില്‍ ഖാദിരില്‍ ഖാഹിരി അറബി ഭാഷയില്‍ രചിച്ച പ്രവാചകാനുരാഗ ആധ്യാത്മിക കാവ്യമായ അല്ലഫല്‍ അലിഫിന്റെ അറബി വ്യാഖ്യാനം പ്രകാശിതമായി.
'അല്‍ഫുല്‍ അലീഫ്' എന്ന പേരിലുള്ള അറബി വ്യഖ്യാന കൃതിയുടെ രചന നിര്‍വഹിച്ചത് ദുബൈ പബ്ലിക് പ്രോസിക്യൂഷനിലെ ജുഡിഷ്യല്‍ ഇന്റര്‍പ്രെട്ടര്‍ പി.എ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പാണ്. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയക്കു കീഴിലുള്ള ബുക്ക് പ്ലസിന്റെ ദാറുസ്സ്വുഫയാണ് കൃതിയുടെ പ്രസാധകര്‍.
സമകാലിക അറബി സാഹിത്യ ശൈലി, വ്യാകരണ വിശദീകരണം, വിശദ വിവരണങ്ങള്‍ എന്നിവ ഉള്‍കൊള്ളിച്ചാണ് വ്യാഖ്യാനം തയാറാക്കിയിരിക്കുന്നത്.
രണ്ടു ശതകങ്ങള്‍ക്കു മുന്‍പ് തമിഴ്‌നാട്ടിലെ കായല്‍പട്ടണത്ത് ജീവിച്ച്, ആധ്യാത്മിക രംഗത്ത് വിശ്വപ്രശസ്തി നേടിയ സ്വൂഫിവര്യനാണ് ശൈഖ് ഉമര്‍ ബ്‌നു അബ്ദില്‍ ഖാദിരില്‍ ഖാഹിരി. ഇന്ത്യയിലെ അറിയപ്പെട്ട അറബി കവിയായി വാഴ്ത്തപ്പെട്ടിരുന്ന അദ്ദേഹം ദക്ഷിണേന്ത്യയില്‍ ഇസ്‌ലാമിക പ്രബോധന മേഖലയില്‍ നിറഞ്ഞുനിന്ന വ്യക്തികൂടിയായിരുന്നു.
ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മില്‍ക്ക വെഞ്ച്വേഴ്‌സ് ചെയര്‍മാന്‍ കെ.എ കലാം ഹാജിക്കു നല്‍കി കൃതി പ്രകാശനം ചെയ്തു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."