ചിന്നക്കനാലിലെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കം അന്വേഷിക്കണം: ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള നീക്കം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹൈക്കോടതി. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കോടതി അഡ്വക്കറ്റ് ജനറലിനും നിര്‍ദേശം നല്‍കി.
ചിന്നക്കനാലിലെ കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എട്ട് അപേക്ഷകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താക്കിന്റെ ഉത്തരവ്. ഭൂമിയുടെ കൈവശാവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചവര്‍ ഇടുക്കി ജില്ലയിലെ താമസക്കാരല്ലെന്നും ഇവര്‍ക്ക് കൈവശ രേഖയോ കൃഷി നടത്തിയതിനുള്ള തെളിവോ ഇല്ലെന്ന് സബ് കലക്ടറുടെ പരിശോധനയില്‍ കണ്ടെത്തി.
അപേക്ഷകളില്‍ പലതും ഒരാള്‍ തന്നെ നല്‍കിയതാണോയെന്നും കോടതി സംശയിച്ചു. ഭൂമി സര്‍ക്കാര്‍ പുറംപോക്കാണെന്നും സബ് കലക്ടറുടെ പരിശോധനയില്‍ വ്യക്തമായിരുന്നു.
വ്യക്തിഗത വിവരങ്ങള്‍ അപേക്ഷയില്‍ മറച്ചുവച്ചതായും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."